इतिहास
അദ്ധ്യായം 26
1 യെഹൂദാജനമൊക്കെയും പതിനാറു വയസ്സുപ്രായമുള്ള ഉസ്സീയാവെ കൂട്ടിക്കൊണ്ടു വന്നു അവന്റെ അപ്പനായ അമസ്യാവിന്നു പകരം രാജാവാക്കി.
2 രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലോത്തിനെ പണിതതും അതിനെ യെഹൂദെക്കു വീണ്ടുകൊണ്ടതും ഇവൻ തന്നേ.
3 ഉസ്സീയാവു വാഴ്ചതുടങ്ങിയപ്പോൾ അവന്നു പതിനാറു വയസ്സായിരുന്നു. അവൻ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു യെഖൊല്യാ എന്നു പേർ. അവൾ യെരൂശലേംകാരത്തി ആയിരുന്നു.
4 അവൻ തന്റെ അപ്പനായ അമസ്യാവു ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.
5 ദൈവഭയത്തിൽ അവനെ ഉപദേശിച്ചുവന്ന സെഖർയ്യാവിന്റെ ആയുഷ്കാലത്തു അവൻ ദൈവത്തെ അന്വേഷിച്ചു: അവൻ യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം അവന്നു അഭിവൃദ്ധി നല്കി.
6 അവൻ പുറപ്പെട്ടു ഫെലിസ്ത്യരോടു യുദ്ധം ചെയ്തു ഗത്തിന്റെ മതിലും യബ്നെയുടെ മതിലും അസ്തോദിന്റെ മതിലും ഇടിച്ചുകളഞ്ഞു; അസ്തോദ് നാട്ടിലും ഫെലിസ്ത്യരുടെ ഇടയിലും പട്ടണങ്ങൾ പണിതു.
7 ദൈവം ഫെലിസ്ത്യർക്കും ഗൂർ-ബാലിൽ പാർത്ത അരാബ്യർക്കും മെയൂന്യർക്കും വിരോധമായി അവനെ സഹായിച്ചു.
8 അമ്മോന്യരും ഉസ്സീയാവിന്നു കാഴ്ചകൊണ്ടുവന്നു; അവൻ അത്യന്തം പ്രബലനായിത്തീർന്നതുകൊണ്ടു അവന്റെ ശ്രുതി മിസ്രയീംവരെ പരന്നു.
9 ഉസ്സീയാവു യെരൂശലേമിൽ കോൺവാതിൽക്കലും താഴ്വരവാതിൽക്കലും തിരിവിങ്കലും ഗോപുരങ്ങൾ പണിതു ഉറപ്പിച്ചു.
10 അവന്നു താഴ്വീതിയിലും സമഭൂമിയിലും വളരെ കന്നുകാലികൾ ഉണ്ടായിരുന്നതുകൊണ്ടു അവൻ മരുഭൂമിയിൽ ഗോപുരങ്ങൾ പണിതു, അനേകം കിണറും കുഴിപ്പിച്ചു; അവൻ കൃഷിപ്രിയനായിരുന്നതിനാൽ അവന്നു മലകളിലും കർമ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു.
11 ഉസ്സീയാവിന്നു പടയാളികളുടെ ഒരു സൈന്യവും ഉണ്ടായിരുന്നു; അവർ രായസക്കാരനായ യെയീയേലും പ്രമാണിയായ മയശേയാവും എടുത്ത എണ്ണപ്രകാരം ഗണംഗണമായി രാജാവിന്റെ സേനാപതികളിൽ ഒരുവനായ ഹനന്യാവിന്റെ കൈക്കീഴെ യുദ്ധത്തിന്നു പുറപ്പെടും.
12 യുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാരുടെ ആകത്തുക രണ്ടായിരത്തറുനൂറു.
13 അവരുടെ അധികാരത്തിൻ കീഴിൽ ശത്രുക്കളുടെ നേരെ രാജാവിനെ സഹായിപ്പാൻ മഹാവീര്യത്തോടെ യുദ്ധം ചെയ്തുവന്നവരായി മൂന്നുലക്ഷത്തേഴായിരത്തഞ്ഞൂറുപേരുള്ള ഒരു സൈന്യംബലം ഉണ്ടായിരുന്നു.
14 ഉസ്സീയാവു അവർക്കു, സർവ്വ സൈന്യത്തിന്നും തന്നേ, പരിച, കുന്തം, തലക്കോരിക, കവചം, വില്ലു, കവിണക്കല്ലു, എന്നിവ ഉണ്ടാക്കിക്കൊടുത്തു.
15 അവൻ അസ്ത്രങ്ങളും വലിയ കല്ലുകളും പ്രയോഗിപ്പാൻ ഗോപുരങ്ങളുടെയും കൊത്തളങ്ങളുടെയും മേൽ വെക്കേണ്ടതിന്നു കൌശലപ്പണിക്കാർ സങ്കല്പിച്ച യന്ത്രങ്ങൾ യെരൂശലേമിൽ തീർപ്പിച്ചു; അവൻ പ്രബലനായിത്തീരുവാന്തക്കവണ്ണം അതിശയമായി അവന്നു സഹായം ലഭിച്ചതുകൊണ്ടു അവന്റെ ശ്രുതി ബഹുദൂരം പരന്നു.
16 എന്നാൽ അവൻ ബലവാനായപ്പോൾ അവന്റെ ഹൃദയം അവന്റെ നാശത്തിന്നായിട്ടു നിഗളിച്ചു; അവൻ തന്റെ ദൈവമായ യഹോവയോടു കുറ്റം ചെയ്തു ധൂപപീഠത്തിന്മേൽ ധൂപം കാട്ടുവാൻ യഹോവയുടെ ആലയത്തിൽ കടന്നുചെന്നു.
17 അസർയ്യാപുരോഹിതനും അവനോടുകൂടെ ധൈര്യശാലികളായി യഹോവയുടെ എണ്പതു പുരോഹിതന്മാരും അവന്റെ പിന്നാലെ അകത്തു ചെന്നു ഉസ്സീയാരാജാവിനെ തടുത്തു അവനോടു:
18 ഉസ്സീയാവേ, യഹോവെക്കു ധൂപം കാട്ടുന്നതു നിനക്കു വിഹിതമല്ല; ധൂപം കാട്ടുവാൻ വിശുദ്ധീകരിക്കപ്പെട്ട അഹരോന്യരായ പുരോഹിതന്മാർക്കത്രേ; വിശുദ്ധമന്ദിരത്തിൽനിന്നു പൊയ്ക്കൊൾക; ലംഘനമാകുന്നു നീ ചെയ്തിരിക്കുന്നതു; അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു മാനമായിരിക്കയില്ല എന്നു പറഞ്ഞു.
19 ധൂപം കാട്ടുവാൻ കയ്യിൽ ധൂപകലശം പിടിച്ചിരിക്കെ ഉസ്സീയാവു കോപിച്ചു; അവൻ പുരോഹിതന്മാരോടു കോപിച്ചുകൊണ്ടിരിക്കയിൽ തന്നേ യഹോവയുടെ ആലയത്തിൽ ധൂപപീഠത്തിന്റെ അരികെ വെച്ചു പുരോഹിതന്മാർ കാൺകെ അവന്റെ നെറ്റിമേൽ കുഷ്ഠം പൊങ്ങി.
20 മഹാപുരോഹിതനായ അസർയ്യാവും സകലപുരോഹിതന്മാരും അവനെ നോക്കി, അവന്റെ നെറ്റിയിൽ കുഷ്ഠം പിടിച്ചിരിക്കുന്നതു കണ്ടിട്ടു അവനെ ക്ഷണം അവിടെനിന്നു പുറത്താക്കി; യഹോവ തന്നെ ബാധിച്ചതുകൊണ്ടു അവൻ തന്നേയും പുറത്തുപോകുവാൻ ബദ്ധപ്പെട്ടു.
21 അങ്ങനെ ഉസ്സീയാരാജാവു ജീവപര്യന്തം കുഷ്ടരോഗിയായിരുന്നു; അവൻ യഹോവയുടെ ആലയത്തിൽനിന്നു ഭ്രഷ്ടനായിരുന്നതിനാൽ ഒരു പ്രത്യേകശാലയിൽ കുഷ്ഠരോഗിയായി താമസിച്ചു. അവന്റെ മകനായ യോഥാം രാജധാനിക്കു മേൽവിചാരകനായി ദേശത്തിലെ ജനത്തിന്നു ന്യായപാലനം ചെയ്തുവന്നു.
22 ഉസ്സീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യാവസാനം ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ എഴുതിയിരിക്കുന്നു.
23 ഉസ്സീയാവു അവന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവൻ കുഷ്ഠരോഗിയല്ലോ എന്നു പറഞ്ഞു അവർ രാജാക്കന്മാർക്കുള്ള ശ്മശാനഭൂമിയിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യോഥാം അവന്നു പകരം രാജാവായി.