ദിനവൃത്താന്തം 2

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36

അദ്ധ്യായം 17

1 അവന്റെ മകനായ യെഹോശാഫാത്ത് അവന്നു പകരം രാജാവായി; അവൻ യിസ്രായേലിന്നെതിരെ പ്രബലനായ്തീർന്നു.
2 അവൻ യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിലൊക്കെയും സൈന്യങ്ങളെ ആക്കി; യെഹൂദാദേശത്തും തന്റെ അപ്പനായ ആസാ പിടിച്ച എഫ്രയീംപട്ടണങ്ങളിലും കാവല്പട്ടാളങ്ങളെയും ആക്കി.
3 യെഹോശാഫാത്ത് തന്റെ പിതാവായ ദാവീദിന്റെ ആദ്യത്തെ വഴികളിൽ നടക്കയും ബാൽവിഗ്രഹങ്ങളെ ആശ്രയിക്കാതെ
4 തന്റെ പിതാവിന്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിന്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിന്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു
5 യഹോവ അവന്നു രാജത്വം ഉറപ്പിച്ചു കൊടുത്തു; എല്ലായെഹൂദയും യെഹോശാഫാത്തിന്നു കാഴ്ച കൊണ്ടുവന്നു; അവന്നു ധനവും മാനവും വളരെ ഉണ്ടായി.
6 അവന്റെ ഹൃദയം യഹോവയുടെ വഴികളിൽ ധൈര്യപ്പെട്ടിട്ടു അവൻ പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും യെഹൂദയിൽനിന്നു നീക്കിക്കളഞ്ഞു.
7 അവൻ തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ യെഹൂദാനഗരങ്ങളിൽ ഉപദേശിപ്പാനായിട്ടു ബെൻ-ഹയീൽ, ഓബദ്യാവു, സെഖർയ്യാവു, നെഥനയേൽ, മീഖാ എന്നീ തന്റെ പ്രഭുക്കന്മാരെയും
8 അവരോടുകൂടെ ശെമയ്യാവു, നെഥന്യാവു, സെബദ്യാവു, അസായേൽ, ശെമീരാമോത്ത്, യെഹോനാഥാൻ, അദോനീയാവു, തോബീയാവു, തോബ്-അദോനീയാവു എന്നീ ലേവ്യരെയും അവരോടുകൂടെ എലീശാമാ, യെഹോരാം എന്നീ പുരോഹിതന്മാരെയും അയച്ചു.
9 അവർ യെഹൂദയിൽ ഉപദേശിച്ചു; യഹോവയുടെ ന്യായപ്രമാണപുസ്തകവും അവരുടെ കയ്യിൽ ഉണ്ടായിരുന്നു; അവർ യെഹൂദാനഗരങ്ങളിലൊക്കെയും സഞ്ചരിച്ചു ജനത്തെ ഉപദേശിച്ചു.
10 യഹോവയിങ്കൽനിന്നു ഒരു ഭീതി യെഹൂദെക്കു ചുറ്റുമുള്ള ദേശങ്ങളിലെ സകലരാജ്യങ്ങളിന്മേലും വീണിരുന്നതു കൊണ്ടു അവർ യെഹോശാഫാത്തിനോടു യുദ്ധം ചെയ്തില്ല.
11 ഫെലിസ്ത്യരിലും ചിലർ യെഹോശാഫാത്തിന്നു കാഴ്ചയും കപ്പമായി വെള്ളിയും കൊണ്ടുവന്നു; അരാബ്യരും അവന്നു ഏഴായിരത്തെഴുനൂറു ആട്ടുകൊറ്റനും ഏഴായിരത്തെഴുനൂറു വെള്ളാട്ടുകൊറ്റനുമുള്ള ആട്ടിൻ കൂട്ടത്തെ കൊണ്ടുവന്നു.
12 യെഹോശാഫാത്ത് മേല്ക്കുമേൽ പ്രബലനായ്തീർന്നു, യെഹൂദയിൽ കോട്ടകളെയും സംഭാരനഗരങ്ങളെയും പണിതു.
13 അവന്നു യെഹൂദാനഗരങ്ങളിൽ വളരെ പ്രവൃത്തി ഉണ്ടായിരുന്നു; പരാക്രമശാലികളായ യോദ്ധാക്കൾ യെരൂശലേമിൽ ഉണ്ടായിരുന്നു.
14 പിതൃഭവനംപിതൃഭവനമായുള്ള അവരുടെ എണ്ണമാവിതു: യെഹൂദയുടെ സഹസ്രാധിപന്മാർ: അദ്നാപ്രഭു, അവനോടുകൂടെ മൂന്നുലക്ഷം പരാക്രമശാലികൾ;
15 അവന്റെശേഷം യെഹോഹാനാൻ പ്രഭു, അവനോടുകൂടെ രണ്ടുലക്ഷത്തെണ്പതിനായിരം പേർ;
16 അവന്റെ ശേഷം തന്നെത്താൻ മനഃപൂർവ്വമായി യഹോവെക്കു ഭരമേല്പിച്ചവനായ സിക്രിയുടെ മകൻ അമസ്യാവു അവനോടുകൂടെ രണ്ടുലക്ഷം പരാക്രമശാലികൾ;
17 ബെന്യാമീനിൽനിന്നു പരാക്രമശാലിയായ എല്യാദാ അവനോടുകൂടെ വില്ലും പരിചയും ധരിച്ച രണ്ടുലക്ഷം പേർ;
18 അവന്റെ ശേഷം യെഹോസാബാദ്, അവനോടുകൂടെ യുദ്ധസന്നദ്ധരായ ലക്ഷത്തെണ്പതിനായിരം പേർ.
19 രാജാവു യെഹൂദയിലൊക്കെയും ഉറപ്പുള്ള പട്ടണങ്ങളിൽ ആക്കിയിരുന്നവരെ കൂടാതെ രാജാവിന്നു സേവ ചെയ്തുവന്നവർ ഇവർ തന്നേ.