ശമൂവേൽ[del]1
അദ്ധ്യായം 24
1 ശൌൽ ഫെലിസ്ത്യരെ ഓടിച്ചുകളഞ്ഞിട്ടു മടങ്ങിവന്നപ്പോൾ ദാവീദ് ഏൻ- ഗെദിമരുഭൂമിയിൽ ഉണ്ടെന്നു അവന്നു അറിവു കിട്ടി.
2 അപ്പോൾ ശൌൽ എല്ലായിസ്രായേലിൽനിന്നും തിരഞ്ഞെടുത്തിരുന്ന മൂവായിരംപേരെ കൂട്ടിക്കൊണ്ടു ദാവീദിനെയും അവന്റെ ആളുകളെയും തിരയുവാൻ കാട്ടാട്ടിൻ പാറകളിൽ ചെന്നു.
3 അവൻ വഴിയരികെയുള്ള ആട്ടിൻ തൊഴുത്തിങ്കൽ എത്തി; അവിടെ ഒരു ഗുഹ ഉണ്ടായിരുന്നു; ശൌൽ കാൽമടക്കത്തിന്നു അതിൽ കടന്നു; എന്നാൽ ദാവീദും അവന്റെ ആളുകളും ഗുഹയുടെ ഉള്ളിൽ പാർത്തിരുന്നു.
4 ദാവീദിന്റെ ആളുകൾ അവനോടു: ഞാൻ നിന്റെ ശത്രുവിനെ നിന്റെ കയ്യിൽ ഏല്പിക്കും; നിനക്കു ബോധിച്ചതുപോലെ അവനോടു ചെയ്യാം എന്നു യഹോവ നിന്നോടു അരുളിച്ചെയ്ത ദിവസം ഇതാ എന്നു പറഞ്ഞു. അപ്പോൾ ദാവീദ് എഴുന്നേറ്റു ശൌലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു.
5 ശൌലിന്റെ വസ്ത്രാഗ്രം മുറിച്ചുകളഞ്ഞതുകൊണ്ടു പിന്നത്തേതിൽ ദാവീദിന്റെ മനസ്സാക്ഷി കുത്തിത്തുടങ്ങി.
6 അവൻ തന്റെ ആളുകളോടു: യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരെ കയ്യെടുക്കുന്നതായ ഈ കാര്യം ചെയ്‍വാൻ യഹോവ എനിക്കു ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു പറഞ്ഞു.
7 ഇങ്ങനെ ദാവീദ് തന്റെ ആളുകളെ ശാസിച്ചു അമർത്തി; ശൌലിനെ ദ്രോഹിപ്പാൻ അവരെ അനുവദിച്ചതുമില്ല. ശൌൽ ഗുഹയിൽനിന്നു എഴുന്നേറ്റു തന്റെ വഴിക്കുപോയി.
8 ദാവീദും എഴുന്നേറ്റു ഗുഹയിൽനിന്നു പുറത്തിറങ്ങി ശൌലിനോടു: എന്റെ യജമാനനായ രാജാവേ എന്നു വിളിച്ചുപറഞ്ഞു. ശൌൽ തിരിഞ്ഞുനോക്കിയപ്പോൾ ദാവീദ് സാഷ്ടാംഗം വീണു നമസ്കരിച്ചു.
9 ദാവീദ് ശൌലിനോടു പറഞ്ഞതെന്തെന്നാൽ: ദാവീദ് നിനക്കു ദോഷം വിചാരിക്കുന്നു എന്നു പറയുന്നവരുടെ വാക്കു നീ കേൾക്കുന്നതു എന്തു?
10 യഹോവ ഇന്നു ഗുഹയിൽവെച്ചു നിന്നെ എന്റെ കയ്യിൽ ഏല്പിച്ചിരുന്നു എന്നു നിന്റെ കണ്ണാലെ കാണുന്നുവല്ലോ; നിന്നെ കൊല്ലുവാൻ ചിലർ പറഞ്ഞെങ്കിലും ഞാൻ ചെയ്തില്ല; എന്റെ യജമാനന്റെ നേരെ ഞാൻ കയ്യെടുക്കയില്ല; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു ഞാൻ പറഞ്ഞു.
11 എന്റെ പിതാവേ, കാൺക, എന്റെ കയ്യിൽ നിന്റെ മേലങ്കിയുടെ അറ്റം ഇതാ കാൺക; നിന്റെ മേലങ്കിയുടെ അറ്റം ഞാൻ മുറിക്കയും നിന്നെ കൊല്ലാതിരിക്കയും ചെയ്തതിനാൽ എന്റെ കയ്യിൽ ദോഷവും ദ്രോഹവും ഇല്ല; ഞാൻ നിന്നോടു പാപം ചെയ്തിട്ടുമില്ല എന്നു കണ്ടറിഞ്ഞുകൊൾക. നീയോ എനിക്കു പ്രാണഹാനി വരുത്തുവാൻ തേടിനടക്കുന്നു.
12 യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ; യഹോവ എനിക്കുവേണ്ടി നിന്നോടു പ്രതികാരം ചെയ്യട്ടെ; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല.
13 ദുഷ്ടത ദുഷ്ടനിൽനിന്നു പുറപ്പെടുന്നു എന്നല്ലോ പഴഞ്ചൊൽ പറയുന്നതു; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല.
14 ആരെ തേടിയാകുന്നു യിസ്രായേൽരാജാവു പുറപ്പെട്ടിരിക്കുന്നതു? ആരെയാകുന്നു പിന്തുടരുന്നതു? ഒരു ചത്തനായെ, ഒരു ചെള്ളിനെ അല്ലയോ?
15 ആകയാൽ യഹോവ ന്യായാധിപനായി എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കയും എന്റെ കാര്യം നോക്കി വ്യവഹരിച്ചു എന്നെ നിന്റെ കയ്യിൽ നിന്നു വിടുവിക്കയും ചെയ്യുമാറാകട്ടെ.
16 ദാവീദ് ശൌലിനോടു ഈ വാക്കുകൾ സംസാരിച്ചു തീർന്നശേഷം ശൌൽ: എന്റെ മകനേ, ദാവീദേ, ഇതു നിന്റെ ശബ്ദമോ എന്നു ചോദിച്ചു പൊട്ടിക്കരഞ്ഞു.
17 പിന്നെ അവൻ ദാവീദിനോടു പറഞ്ഞതു: നീ എന്നെക്കാൾ നീതിമാൻ; ഞാൻ നിനക്കു തിന്മചെയ്തതിന്നു നീ എനിക്കു നന്മ പകരം ചെയ്തിരിക്കുന്നു.
18 യഹോവ എന്നെ നിന്റെ കയ്യിൽ ഏല്പിച്ചാറെയും നീ എന്നെ കൊല്ലാതെ വിട്ടതിനാൽ നീ എനിക്കു ഗുണം ചെയ്തതായി ഇന്നു കാണിച്ചിരിക്കുന്നു.
19 ശത്രുവിനെ കണ്ടുകിട്ടിയാൽ ആരെങ്കിലും അവനെ വെറുതെ വിട്ടയക്കുമോ? നീ ഇന്നു എനിക്കു ചെയ്തതിന്നു യഹോവ നിനക്കു നന്മ പകരം ചെയ്യട്ടെ.
20 എന്നാൽ നീ രാജാവാകും; യിസ്രായേൽരാജത്വം നിന്റെ കയ്യിൽ സ്ഥിരമാകും എന്നു ഞാൻ അറിയുന്നു.
21 ആകയാൽ നീ എന്റെ ശേഷം എന്റെ സന്തതിയെ നിർമ്മൂലമാക്കി എന്റെ പേർ എന്റെ പിതൃഭവനത്തിൽ നിന്നു മായിച്ചുകളകയില്ല എന്നു യഹോവയുടെ നാമത്തിൽ ഇപ്പോൾ എന്നോടു സത്യം ചെയ്യേണം.
22 അങ്ങനെ ദാവീദ് ശൌലിനോടു സത്യം ചെയ്തു; ശൌൽ അരമനയിലേക്കു പോയി; ദാവീദും അവന്റെ ആളുകളും ദുർഗ്ഗത്തിലേക്കും പോയി.