ശമൂവേൽ[del]1
അദ്ധ്യായം 15
1 അനന്തരം ശമൂവേൽ ശൌലിനോടു പറഞ്ഞതെന്തെന്നാൽ: യഹോവ നിന്നെ തന്റെ ജനമായ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകംചെയ്‍വാൻ എന്നെ നിയോഗിച്ചുവല്ലോ; അതുകൊണ്ടു ഇപ്പോൾ യഹോവയുടെ വചനങ്ങളെ കേട്ടുകൊൾക.
2 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ടുവരുമ്പോൾ വഴിയിൽവെച്ചു അമാലേൿ അവരെ ആക്രമിച്ചു അവരോടു ചെയ്തതിനെ ഞാൻ കുറിച്ചുവെച്ചിരിക്കുന്നു.
3 ആകയാൽ നീ ചെന്നു അമാലേക്യരെ തോല്പിച്ചു അവർക്കുള്ളതൊക്കെയും നിർമ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക.
4 എന്നാറെ ശൌൽ ജനത്തെ ഒന്നിച്ചുകൂട്ടി തെലായീമിൽ വെച്ചു അവരെ എണ്ണി; യെഹൂദാഗോത്രക്കാരായ പതിനായിരം പേർ ഒഴികെ രണ്ടുലക്ഷം കാലാൾ ഉണ്ടായിരുന്നു.
5 പിന്നെ ശൌൽ അമാലേക്യരുടെ പ്രധാന നഗരംവരെ ചെന്നു തോട്ടിന്നരികെ പതിയിരിപ്പാക്കി.
6 എന്നാൽ ശൌൽ കേന്യരോടു: ഞാൻ നിങ്ങളെ അമാലേക്യരോടുകൂടെ നശിപ്പിക്കാതിരിക്കേണ്ടതിന്നു അവരുടെ ഇടയിൽനിന്നു പുറപ്പെട്ടുപോകുവിൻ; യിസ്രായേൽ മക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നപ്പോൾ നിങ്ങൾ അവർക്കു ദയചെയ്തുവല്ലോ എന്നു പറഞ്ഞു. അങ്ങനെ കേന്യർ അമാലേക്യരുടെ ഇടയിൽനിന്നു പുറപ്പെട്ടുപോയി.
7 പിന്നെ ശൌൽ ഹവീലാമുതൽ മിസ്രയീമിന്നു കിഴക്കുള്ള ശൂർവരെ അമാലേക്യരെ സംഹരിച്ചു.
8 അമാലേക്യരുടെ രാജാവായ ആഗാഗിനെ ജീവനോടെ പിടിച്ചു, ജനങ്ങളെ ഒക്കെയും വാളിന്റെ വായ്ത്തലയാൽ നിർമ്മൂലമാക്കി.
9 എന്നാൽ ശൌലും ജനവും ആഗാഗിനെയും ആടു, മാടു, തടിച്ചമൃഗം എന്നിവയിൽ മേത്തരമായവയെയും കുഞ്ഞാടുകളെയും ഉത്തമമായവയെ ഒക്കെയും നിർമ്മൂലമാക്കുവാൻ മനസ്സില്ലാതെ ജീവനോടെ സൂക്ഷിച്ചു; ഹീനവും നിസ്സാരവുമായവയെ ഒക്കെയും അവർ നിർമ്മൂലമാക്കിക്കളഞ്ഞു.
10 അപ്പോൾ യഹോവയുടെ അരുളപ്പാടു ശമൂവേലിന്നുണ്ടായതു എന്തെന്നാൽ:
11 ഞാൻ ശൌലിനെ രാജാവായി വാഴിച്ചതിനാൽ എനിക്കു മനസ്താപമായിരിക്കുന്നു; അവൻ എന്നെ വിട്ടുമാറിയിരിക്കുന്നു; എന്റെ കല്പനകളെ നിവൃത്തിച്ചതുമില്ല. ഇതിങ്കൽ ശമൂവേലിന്നു വ്യസനമായി; അവൻ രാത്രി മുഴുവനും യഹോവയോടു നിലവിളിച്ചു.
12 ശമൂവേൽ ശൌലിനെ എതിരേല്പാൻ അതികാലത്തു എഴുന്നേറ്റപ്പോൾ ശൌൽ കർമ്മേലിൽ എത്തിയെന്നും ഒരു ജ്ഞാപകസ്തംഭം നാട്ടി ഘോഷയാത്ര കഴിച്ചു തിരിഞ്ഞു ഗില്ഗാലിലേക്കു പോയി എന്നും ശമൂവേലിന്നു അറിവുകിട്ടി.
13 പിന്നെ ശമൂവേൽ ശൌലിന്റെ അടുക്കൽ എത്തിയപ്പോൾ ശൌൽ അവനോടു: യഹോവയാൽ നീ അനുഗ്രഹിക്കപ്പെട്ടവൻ; ഞാൻ യഹോവയുടെ കല്പന നിവർത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു.
14 അതിന്നു ശമൂവേൽ: എന്റെ ചെവിയിൽ എത്തുന്ന ആടുകളുടെ ഈ കരച്ചലും ഞാൻ കേൾക്കുന്ന കാളകളുടെ മുക്കുറയും എന്തു എന്നു ചോദിച്ചു.
15 അവയെ അമാലേക്യരുടെ പക്കൽനിന്നു അവർ കൊണ്ടുവന്നതാകുന്നു; ജനം ആടുകളിലും കാളകളിലും മേത്തരമായവയെ നിന്റെ ദൈവമായ യഹോവെക്കു യാഗംകഴിപ്പാൻ ജീവനോടെ സൂക്ഷിച്ചു; ശേഷമുള്ളവയെ ഞങ്ങൾ നിർമ്മൂലമാക്കിക്കളഞ്ഞു എന്നു ശൌൽ പറഞ്ഞു.
16 ശമൂവേൽ ശൌലിനോടു: നിൽക്ക; യഹോവ ഈ കഴിഞ്ഞ രാത്രി എന്നോടു അരുളിച്ചെയ്തതു ഞാൻ നിന്നെ അറിയിക്കും എന്നു പറഞ്ഞു. അവൻ അവനോടു: പറഞ്ഞാലും എന്നു പറഞ്ഞു.
17 അപ്പോൾ ശമൂവേൽ പറഞ്ഞതു: നിന്റെ സ്വന്തകാഴ്ചയിൽ നീ ചെറിയവനായിരുന്നിട്ടും യഹോവ നിന്നെ യിസ്രായേൽ ഗോത്രങ്ങൾക്കു തലവനാക്കുകയും യിസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം കഴിക്കയും ചെയ്തില്ലയോ?
18 പിന്നെ യഹോവ നിന്നെ ഒരു വഴിക്കു അയച്ചു: നീ ചെന്നു അമാലേക്യരായ പാപികളെ നിർമ്മൂലമാക്കുകയും അവർ നശിക്കുംവരെ അവരോടു പൊരുതുകയും ചെയ്ക എന്നു കല്പിച്ചു.
19 അങ്ങനെയിരിക്കെ നീ യഹോവയുടെ കല്പന അനുസരിക്കാതെ കൊള്ളെക്കു ചാടി യഹോവെക്കു അനിഷ്ടമായതു ചെയ്തതെന്തു?
20 ശൌൽ ശമൂവേലിനോടു: ഞാൻ യഹോവയുടെ കല്പന അനുസരിച്ചു യഹോവ എന്നെ അയച്ചവഴിക്കു പോയി അമാലേക്രാജാവായ ആഗാഗിനെ കൊണ്ടുവന്നു അമാലേക്യരെ നിർമ്മൂലമാക്കിക്കളഞ്ഞു.
21 എന്നാൽ ജനം ശപഥാർപ്പിതവസ്തുക്കളിൽ വിശേഷമായ ആടുമാടുകളെ കൊള്ളയിൽനിന്നു എടുത്തു ഗില്ഗാലിൽ നിന്റെ ദൈവമായ യഹോവെക്കു യാഗം കഴിപ്പാൻ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു.
22 ശമൂവേൽ പറഞ്ഞതു: യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവെക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതു.
23 മത്സരം ആഭിചാരദോഷംപോലെയും ശാഠ്യം മിത്ഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു അവൻ നിന്നെയും രാജസ്ഥാനത്തിൽനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.
24 ശൌൽ ശമൂവേലിനോടു: ഞാൻ ജനത്തെ ഭയപ്പെട്ടു അവരുടെ വാക്കു അനുസരിച്ചതിനാൽ യഹോവയുടെ കല്പനയും നിന്റെ വാക്കും ലംഘിച്ചു പാപം ചെയ്തിരിക്കുന്നു.
25 എങ്കിലും എന്റെ പാപം ക്ഷമിച്ചു ഞാൻ യഹോവയെ നമസ്കരിക്കേണ്ടതിന്നു എന്നോടുകൂടെ പോരേണമേ എന്നു പറഞ്ഞു.
26 ശമൂവേൽ ശൌലിനോടു: ഞാൻ പോരികയില്ല; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു യഹോവ നിന്നെയും യിസ്രായേലിലെ രാജസ്ഥാനത്തുനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.
27 പിന്നെ ശമൂവേൽ പോകുവാൻ തിരിഞ്ഞപ്പോൾ അവൻ അവന്റെ നിലയങ്കിയുടെ വിളുമ്പു പിടിച്ചു വലിച്ചു; അതു കീറിപ്പോയി.
28 ശമൂവേൽ അവനോടു: യഹോവ ഇന്നു യിസ്രായേലിന്റെ രാജത്വം നിങ്കൽ നിന്നു കീറി നിന്നെക്കാൾ ഉത്തമനായ നിന്റെ കൂട്ടുകാരന്നു കൊടുത്തിരിക്കുന്നു.
29 യിസ്രായേലിന്റെ മഹത്വമായവൻ ഭോഷ്കു പറകയില്ല, അനുതപിക്കയുമില്ല; അനുതപിപ്പാൻ അവൻ മനുഷ്യനല്ല എന്നു പറഞ്ഞു.
30 അപ്പോൾ അവൻ: ഞാൻ പാപം ചെയ്തിരിക്കുന്നു; എങ്കിലും ജനത്തിന്റെ മൂപ്പന്മാരുടെയും യിസ്രായേലിന്റെയും മുമ്പാകെ ഇപ്പോൾ എന്നെ മാനിച്ചു, ഞാൻ നിന്റെ ദൈവമായ യഹോവയെ നമസ്കരിക്കേണ്ടതിന്നു എന്നോടു കൂടെ പോരേണമേ എന്നു അപേക്ഷിച്ചു.
31 അങ്ങനെ ശമൂവേൽ ശൌലിന്റെ പിന്നാലെ ചെന്നു; ശൌൽ യഹോവയെ നമസ്കരിച്ചു.
32 അനന്തരം ശമൂവേൽ: അമാലേക്രാജാവായ ആഗാഗിനെ ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു കല്പിച്ചു. ആഗാഗ് സന്തോഷഭാവത്തോടെ അവന്റെ അടുക്കൽ വന്നു: മരണഭീതി നീങ്ങപ്പോയി എന്നു ആഗാഗ് പറഞ്ഞു.
33 നിന്റെ വാൾ സ്ത്രീകളെ മക്കളില്ലാത്തവരാക്കിയതുപോലെ നിന്റെ അമ്മയും സ്ത്രീകളുടെ ഇടയിൽ മക്കളില്ലാത്തവളാകും എന്നു ശമൂവേൽ പറഞ്ഞു, ഗില്ഗാലിൽവെച്ചു യഹോവയുടെ സന്നിധിയിൽ ആഗാഗിനെ തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞു.
34 പിന്നെ ശമൂവേൽ രാമയിലേക്കു പോയി; ശൌലും ശൌലിന്റെ ഗിബെയയിൽ അരമനയിലേക്കു പോയി.
35 ശമൂവേൽ ജീവപര്യന്തം ശൌലിനെ പിന്നെ കണ്ടില്ല; എങ്കിലും ശമൂവേൽ ശൌലിനെക്കുറിച്ചു ദുഃഖിച്ചു; യഹോവയും താൻ ശൌലിനെ യിസ്രായേലിന്നു രാജാവാക്കിയതുകൊണ്ടു അനുതപിച്ചു.