ലേവ്യപുസ്തകം
അദ്ധ്യായം 8
1 യഹോവ പിന്നെയും മോശെയോടു: നീ അഹരോനെയും അവനോടുകൂടെ
2 അവന്റെ പുത്രന്മാരെയും വസ്ത്രം, അഭിഷേകതൈലം, പാപയാഗത്തിന്നുള്ള കാള, രണ്ടു ആട്ടുകൊറ്റന്മാർ, കൊട്ടയിൽ പുളിപ്പില്ലാത്ത അപ്പം എന്നിവയുമായി കൊണ്ടുവരികയും
3 സഭയെ മുഴുവനും സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ കൂട്ടുകയും ചെയ്ക എന്നു കല്പിച്ചു.
4 യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ ചെയ്തു; സഭ സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ വന്നുകൂടി.
5 മോശെ സഭയോടു: യഹോവ കല്പിച്ച കാര്യം ഇതാകുന്നു എന്നു പറഞ്ഞു.
6 മോശെ അഹരോനെയും പുത്രന്മാരെയും അടുക്കൽ വരുത്തി അവരെ വെള്ളം കൊണ്ടു കഴുകി.
7 അവനെ ഉള്ളങ്കി ഇടുവിച്ചു നടക്കെട്ടു കെട്ടിച്ചു അങ്കി ധരിപ്പിച്ചു ഏഫോദ് ഇടുവിച്ചു ഏഫോദിന്റെ ചിത്രപ്പണിയായ നടക്കെട്ടു കെട്ടിച്ചു അതിനാൽ അതു മുറുക്കി.
8 അവനെ പതക്കം ധരിപ്പിച്ചു; പതക്കത്തിൽ ഊറീമും തുമ്മീമും വെച്ചു.
9 അവന്റെ തലയിൽ മുടി വെച്ചു; മുടിയുടെ മേൽ മുൻ വശത്തു വിശുദ്ധകിരീടമായ പൊൻ പട്ടം വെച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
10 മോശെ അഭിഷേകതൈലം എടുത്തു കൂടാരവും അതിലുള്ളതൊക്കെയും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.
11 അതിൽ കുറെ അവൻ യാഗപീഠത്തിന്മേൽ ഏഴു പ്രാവശ്യം തളിച്ചു യാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.
12 അവൻ അഹരോന്റെ തലയിൽ അഭിഷേകതൈലം ഒഴിച്ചു അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.
13 മോശെ അഹരോന്റെ പുത്രന്മാരെ വരുത്തി, അങ്കി ധരിപ്പിച്ചു നടുക്കെട്ടു കെട്ടിച്ചു തലപ്പാവും ഇടുവിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
14 അവൻ പാപയാഗത്തിന്നുള്ള കാളയെ കൊണ്ടുവന്നു: പാപയാഗത്തിന്നുള്ള കാളയുടെ തലയിൽ അഹരോനും പുത്രന്മാരും കൈ വെച്ചു.
15 അവൻ അതിനെ അറുത്തു; മോശെ അതിന്റെ രക്തം എടുത്തു വിരൽകൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളിൽ ചുറ്റും പുരട്ടി യാഗപീഠം ശുദ്ധീകരിച്ചു; ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു, അതിന്നുവേണ്ടി പ്രാശ്ചിത്തം കഴിച്ചു അതിനെ ശുദ്ധീകരിച്ചു;
16 കുടലിന്മേലുള്ള സകലമേദസ്സും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേദസ്സും മോശെ എടുത്തു യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.
17 എന്നാൽ കാളയെയും അതിന്റെ തോൽ, മാംസം, ചാണകം എന്നിവയെയും അവൻ പാളയത്തിന്നു പുറത്തു തീയിൽ ഇട്ടു ചുട്ടുകളഞ്ഞു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
18 അവൻ ഹോമയാഗത്തിന്നുള്ള ആട്ടുകൊറ്റനെയും കൊണ്ടുവന്നു: അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ കൈ വെച്ചു.
19 അവൻ അതിനെ അറുത്തു; മോശെ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
20 ആട്ടുകൊറ്റനെ ഖണ്ഡംഖണ്ഡമായി ഖണ്ഡിച്ചു; മോശെ തലയും ഖണ്ഡങ്ങളും മേദസ്സും ദഹിപ്പിച്ചു.
21 അവൻ അതിന്റെ കുടലും കാലും വെള്ളംകൊണ്ടുകഴുകി; മോശെ ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; ഇതു സൌരഭ്യവാസനയായ ഹോമയാഗമായി യഹോവെക്കുള്ള ധഹനയാഗം; യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.
22 അവൻ കരപൂരണത്തിന്നുള്ള ആട്ടുകൊറ്റനായ മറ്റെ ആട്ടുകൊറ്റനെയും കൊണ്ടുവന്നു; അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ കൈവെച്ചു.
23 അവൻ അതിനെ അറുത്തു; മോശെ അതിന്റെ രക്തം കുറെ എടുത്തു അഹരോന്റെ വലത്തെ കാതിന്മേലും വലത്തെ കയ്യുടെ പെരുവിരലിന്മേലും വലത്തെ കാലിന്റെ പെരുവിരലിന്മേലും പുരട്ടി.
24 അവൻ അഹരോന്റെ പുത്രന്മാരെയും വരുത്തി; മോശെ രക്തം കുറെ അവരുടെ വലത്തെ കാതിന്മേലും വലത്തെ കയ്യുടെ പെരുവിരലിന്മേലും വലത്തെ കാലിന്റെ പെരുവിരലിന്മേലും പുരട്ടി; ശേഷം രക്തം മോശെ യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
25 മേദസ്സും തടിച്ചവാലും കുടലിന്മേലുള്ള സകലമേദസ്സും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേദസ്സും വലത്തെ കൈക്കുറകും അവൻ എടുത്തു,
26 യഹോവയുടെ സന്നിധിയിലുള്ള പുളിപ്പില്ലാത്ത അപ്പം ഇരിക്കുന്ന കൊട്ടയിൽ നിന്നു പുളിപ്പില്ലാത്ത ഒരു അപ്പവും എണ്ണയപ്പമായ ഒരു ദോശയും ഒരു വടയും എടുത്തു മേദസ്സിന്മേലും കൈക്കുറകിന്മേലും വെച്ചു.
27 അവയൊക്കെയും അഹരോന്റെ കയ്യിലും അവന്റെ പുത്രന്മാരുടെ കയ്യിലും വെച്ചു യഹോവെക്കു നീരാജനം ചെയ്തു.
28 പിന്നെ മോശെ അവയെ അവരുടെ കയ്യിൽനിന്നു എടുത്തു യാഗപീഠത്തിന്മേൽ യാഗത്തിൻ മീതെ ദഹിപ്പിച്ചു. ഇതു സൌരഭ്യവാസനയായ കരപൂരണയാഗം, യഹോവെക്കുള്ള ദഹനയാഗം തന്നേ.
29 മോശെ അതിന്റെ നെഞ്ചു എടുത്തു യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്തു; അതു കരപൂരണത്തിന്റെ ആട്ടുകൊറ്റനിൽ മോശെക്കുള്ള ഓഹരി ആയിരുന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
30 മോശെ അഭിഷേകതൈലവും യാഗപീഠത്തിന്മേലുള്ള രക്തവും കുറേശ്ശ എടുത്തു അഹരോന്റെ മേലും അവന്റെ വസ്ത്രത്തിന്മേലും അവന്റെ പുത്രന്മാരുടെ മേലും പുത്രന്മാരുടെ വസ്ത്രത്തിന്മേലും തളിച്ചു; അഹരോനെയും അവന്റെ വസ്ത്രത്തെയും അവന്റെ പുത്രന്മാരെയും പുത്രന്മാരുടെ വസ്ത്രങ്ങളെയും ശുദ്ധീകരിച്ചു.
31 അഹരോനോടും അവന്റെ പുത്രന്മാരോടും മോശെ പറഞ്ഞതു എന്തെന്നാൽ: മാംസം നിങ്ങൾ സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽവെച്ചു പാകംചെയ്തു, അഹരോനും പുത്രന്മാരും അതു തിന്നേണമെന്നു എനിക്കു കല്പനയുണ്ടായതുപോലെ അവിടെവെച്ചു അതും കരപൂരണത്തിന്റെ കൊട്ടയിൽ ഇരിക്കുന്ന അപ്പവും തിന്നുവിൻ.
32 മാംസത്തിലും അപ്പത്തിലും ശേഷിക്കുന്നതു നിങ്ങൾ തീയിൽ ഇട്ടു ചുട്ടുകളയേണം.
33 നിങ്ങളുടെ കരപൂരണദിവസങ്ങൾ തികയുവോളം നിങ്ങൾ ഏഴു ദിവസത്തേക്കു സമാഗമനക്കുടാരത്തിന്റെ വാതിൽ വിട്ടു പുറത്തു പോകരുതു; ഏഴു ദിവസം അവൻ നിങ്ങൾക്കു കരപൂരണം ചെയ്യും.
34 നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഇന്നു ചെയ്തതുപോലെ ഇനിയും ചെയ്യേണ്ടതിന്നു യഹോവ കല്പിച്ചിരിക്കുന്നു.
35 ആകയാൽ നിങ്ങൾ മരിക്കാതിരിപ്പാൻ ഏഴു ദിവസം രാവും പകലും സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ പാർത്തു യഹോവയുടെ കല്പന അനുസരിക്കേണം; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.
36 യഹോവ മോശെമുഖാന്തരം കല്പിച്ച സകല കാര്യങ്ങളെയും അഹരോനും അവന്റെ പുത്രന്മാരും ചെയ്തു.