ലേവ്യപുസ്തകം
അദ്ധ്യായം 20
1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
2 നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: യിസ്രായേൽമക്കളിലോ യിസ്രായേലിൽ വന്നു പാർക്കുന്ന പരദേശികളിലോ ആരെങ്കിലും തന്റെ സന്തതിയിൽ ഒന്നിനെ മോലെക്കിന്നു കൊടുത്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം; ദേശത്തിലെ ജനം അവനെ കല്ലെറിയേണം.
3 അവൻ തന്റെ സന്തതിയെ മോലെക്കിന്നു കൊടുത്തതിനാൽ എന്റെ വിശുദ്ധമന്ദിരം മലിനമാക്കുകയും എന്റെ വിശുദ്ധനാമം അശുദ്ധമാക്കുകയും ചെയ്തതുകൊണ്ടു ഞാൻ അവന്റെ നേരെ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.
4 അവൻ തന്റെ സന്തതിയെ മോലെക്കിന്നു കൊടുക്കുമ്പോൾ ദേശത്തിലെ ജനം അവനെ കൊല്ലാതെ കണ്ണടെച്ചുകളഞ്ഞാൽ
5 ഞാൻ അവനും കുടുംബത്തിന്നും നേരെ ദൃഷ്ടിവെച്ചു അവനെയും അവന്റെ പിന്നാലെ മോലെക്കിനോടു പരസംഗം ചെയ്‍വാൻ പോകുന്ന എല്ലാവരെയും അവരുടെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും.
6 വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും പിന്നാലെ പരസംഗം ചെയ്‍വാൻ പോകുന്നവന്റെ നേരെയും ഞാൻ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.
7 ആകയാൽ നിങ്ങൾ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിപ്പിൻ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
8 എന്റെ ചട്ടങ്ങൾ പ്രമാണിച്ചു ആചരിപ്പിൻ; ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
9 അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം; അവൻ അപ്പനെയും അമ്മയെയും ശപിച്ചു; അവന്റെ രക്തം അവന്റെ മേൽ ഇരിക്കും.
10 ഒരുത്തന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവൻ, കൂട്ടുകാരന്റെ ഭാര്യയുമായി വ്യഭിചാരംചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നേ, മരണശിക്ഷ അനുഭവിക്കേണം.
11 അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവൻ അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു; ഇരുവരും മരണ ശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
12 ഒരുത്തൻ മരുമകളോടുകൂടെ ശയിച്ചാൽ ഇരുവരും മരണശിക്ഷ അനുഭവിക്കേണം; അവർ നികൃഷ്ട കർമ്മം ചെയ്തു; അവരുടെ രക്തം അവരുടെ മേൽ ഇരിക്കും.
13 സ്ത്രീയോടുകൂടെ ശയിക്കുന്നതു പോലെ ഒരുത്തൻ പുരുഷനോടുകൂടെ ശയിച്ചാൽ ഇരുവരും മ്ളേച്ഛത ചെയ്തു; അവർ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
14 ഒരു പുരുഷൻ ഒരു സ്ത്രീയെയും അവളുടെ അമ്മയെയും പരിഗ്രഹിച്ചാൽ അതു ദുഷ്കർമ്മം; നിങ്ങളുടെ ഇടയിൽ ദുഷ്കർമ്മം ഇല്ലാതിരിക്കേണ്ടതിന്നു അവനെയും അവരെയും തീയിൽ ഇട്ടു ചുട്ടുകളയേണം.
15 ഒരു പുരുഷൻ മൃഗത്തോടുകൂടെ ശയിച്ചാൽ അവൻ മരണശിക്ഷ അനുഭവിക്കേണം; മൃഗത്തെയും കൊല്ലേണം.
16 ഒരു സ്ത്രീ യാതൊരു മൃഗത്തോടെങ്കിലും ചേർന്നു ശയിച്ചാൽ സ്ത്രീയെയും മൃഗത്തെയും കൊല്ലേണം; അവർ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
17 ഒരു പുരഷൻ തന്റെ അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ തന്റെ സഹോദരിയെ പരിഗ്രഹിച്ചു അവളുടെ നഗ്നത കാണുകയും അവൾ അവന്റെ നഗ്നത കാണുകയും ചെയ്താൽ അതു ലജ്ജാകരം; അവരെ അവരുടെ ജനത്തിന്റെ മുമ്പിൽവെച്ചു തന്നേ സംഹരിച്ചുകളയേണം; അവൻ സഹോദരിയുടെ നഗ്നത അനാവൃതമാക്കി; അവൻ തന്റെ കുറ്റം വഹിക്കും.
18 ഒരു പുരുഷൻ ഋതുവായ സ്ത്രീയോടുകൂടെ ശയിച്ചു അവളുടെ നഗ്നത അനാവൃതമാക്കിയാൽ അവൻ അവളുടെ സ്രവം അനാവൃതമാക്കി; അവളും തന്റെ രക്തസ്രവം അനാവൃതമാക്കി; ഇരുവരെയും അവരുടെ ജനത്തിന്റെ ഇടയിൽനിന്നു ഛേദിച്ചുകളയേണം.
19 നിന്റെ അമ്മയുടെ സഹോദരിയുടെയോ അപ്പന്റെ സഹോദരിയുടെയോ നഗ്നത അനാവൃതമാക്കരുതു; അങ്ങനെത്തവൻ തന്റെ അടുത്ത ചാർച്ചക്കാരത്തിയെ അനാവൃതയാക്കുന്നുവല്ലോ; അവർ തങ്ങളുടെ കുറ്റം വഹിക്കും.
20 ഒരു പുരുഷൻ ഇളയപ്പന്റെ ഭാര്യയോടുകൂടെ ശയിച്ചാൽ അവൻ ഇളയപ്പന്റെ നഗ്നത അനാവൃതമാക്കി; അവർ തങ്ങളുടെ പാപം വഹിക്കും; അവർ സന്തതിയില്ലാത്തവരായി മരിക്കേണം.
21 ഒരുത്തൻ സഹോദരന്റെ ഭാര്യയെ പരിഗ്രഹിച്ചാൽ അതു മാലിന്യം; അവൻ സഹോദരന്റെ നഗ്നത അനാവൃതമാക്കി; അവർ സന്തതിയില്ലാത്തവർ ആയിരിക്കേണം.
22 ആകയാൽ നിങ്ങൾ കുടിയിരിക്കേണ്ടതിന്നു ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശം നിങ്ങളെ ഛർദ്ദിച്ചുകളയാതിരിപ്പാൻ എന്റെ എല്ലാചട്ടങ്ങളും സകലവിധികളും പ്രമാണിച്ചു ആചരിക്കേണം.
23 ഞാൻ നിങ്ങളുടെ മുമ്പിൽ നിന്നു നീക്കിക്കളയുന്ന ജാതിയുടെ ചട്ടങ്ങളെ അനുസരിച്ചു നടക്കരുതു; ഈ കാര്യങ്ങളെ ഒക്കെയും ചെയ്തതുകൊണ്ടു അവർ എനിക്കു അറെപ്പായി തീർന്നു.
24 നിങ്ങൾ അവരുടെ ദേശത്തെ കൈവശമാക്കും എന്നു ഞാൻ നിങ്ങളോടു കല്പിച്ചുവല്ലോ; പാലും തേനും ഒഴുകുന്ന ആ ദേശം നിങ്ങൾ കൈവശമാക്കേണ്ടതിന്നു ഞാൻ അതിനെ നിങ്ങൾക്കു തരും; ഞാൻ നിങ്ങളെ ജാതികളിൽനിന്നു വേറുതിരിച്ചവനായി നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;
25 ആകയാൽ ശുദ്ധിയുള്ള മൃഗവും ശുദ്ധിയില്ലാത്ത മൃഗവും തമ്മിലും, ശുദ്ധിയില്ലാത്ത പക്ഷിയും ശുദ്ധിയുള്ള പക്ഷിയും തമ്മിലും നിങ്ങൾ വ്യത്യാസം വെക്കേണം; ഞാൻ നിങ്ങൾക്കു അശുദ്ധമെന്നു വേറുതിരിച്ചിട്ടുള്ള മൃഗത്തെക്കൊണ്ടും പക്ഷിയെക്കൊണ്ടും നിലത്തു ഇഴയുന്ന യാതൊരു ജന്തുവിനെക്കൊണ്ടും നിങ്ങളെത്തന്നേ അറെപ്പാക്കരുതു.
26 നിങ്ങൾ എനിക്കു വിശുദ്ധന്മാരായിരിക്കേണം; യഹോവയായ ഞാൻ വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധന്മാരായിരിക്കേണം; നിങ്ങൾ എനിക്കുള്ളവരായിരിക്കേണ്ടതിന്നു ഞാൻ നിങ്ങളെ ജാതികളിൽ നിന്നു വേറുതിരിച്ചിരിക്കുന്നു.
27 വെളിച്ചപ്പാടോ മന്ത്രവാദമോ ഉള്ള പുരുഷൻ ആകട്ടെ സ്ത്രീയാകട്ടെ മരണശിക്ഷ അനുഭവിക്കേണം; അവരെ കല്ലെറിഞ്ഞു കൊല്ലേണം; അവരുടെ രക്തം അവരുടെ മേൽ ഇരിക്കും.