എഫെസ്യർ

1 2 3 4 5 6

അദ്ധ്യായം 1

1 ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൌലൊസ് (എഫെസൊസിൽ ഉള്ള) വിശുദ്ധന്മാരും ക്രിസ്തുയേശുവിൽ വിശ്വാസികളുമായവർക്കു എഴുതുന്നതു: നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
2
3 സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.
4 നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും
5 തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു
6 അവൻ പ്രിയനായവനിൽ നമുക്കു സൌജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ.
7 അവനിൽ നമുക്കു അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.
8 അതു അവൻ നമുക്കു താൻ ധാരാളമായി കാണിച്ച കൃപാധനപ്രകാരം സകലജ്ഞാനവും വിവേകവുമായി നല്കിയിരിക്കുന്നു.
9 അവനിൽ താൻ മുന്നിർണ്ണയിച്ച തന്റെ പ്രസാദത്തിന്നു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമ്മം അവൻ നമ്മോടു അറിയിച്ചു.
10 അതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നിങ്ങനെ കാലസമ്പൂർണ്ണതയിലെ വ്യവസ്ഥെക്കായിക്കൊണ്ടു തന്നേ.
11 അവനിൽ നാം അവകാശവും പ്രാപിച്ചു, തന്റെ ഹിതത്തിന്റെ ആലോചനപോലെ സകലവും പ്രവർത്തിക്കുന്നവന്റെ നിർണ്ണയപ്രകാരം മുന്നിയമിക്കപ്പെട്ടതു മുമ്പിൽകൂട്ടി
12 ക്രിസ്തുവിൽ ആശവെച്ചവരായ ഞങ്ങൾ അവന്റെ മഹത്വത്തിന്റെ പുകഴ്ചെക്കാകേണ്ടതിന്നു തന്നേ.
13 അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു,
14 തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.
15 അതുനിമിത്തം ഞാനും നിങ്ങൾക്കു കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും സകല വിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ചു കേട്ടിട്ടു,
16 നിങ്ങൾക്കു വേണ്ടി ഇടവിടാതെ സ്തോത്രംചെയ്തു എന്റെ പ്രാർത്ഥനയിൽ
17 നിങ്ങളെ ഓർത്തുംകൊണ്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു
18 അവന്റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരൽ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും അവന്റെ ബലത്തിൻ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ
19 വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിന്നും പ്രാർത്ഥിക്കുന്നു.
20 അങ്ങനെ അവൻ ക്രിസ്തുവിലും വ്യാപരിച്ചു അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിക്കയും
21 സ്വർഗ്ഗത്തിൽ തന്റെ വലത്തുഭാഗത്തു എല്ലാ വാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും കർത്തൃത്വത്തിന്നും ഈ ലോകത്തിൽ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകല നാമത്തിന്നും അത്യന്തം മീതെ ഇരുത്തുകയും
22 സർവ്വവും അവന്റെ കാൽക്കീഴാക്കിവെച്ചു അവനെ സർവ്വത്തിന്നും മീതെ തലയാക്കി
23 എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭെക്കു കൊടുക്കയും ചെയ്തിരിക്കുന്നു.