യോഹന്നാൻ

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21

അദ്ധ്യായം 15

1 ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു.
2 എന്നിൽ കായ്ക്കാത്ത കൊമ്പു ഒക്കെയും അവൻ നീക്കിക്കളയുന്നു; കായക്കുന്നതു ഒക്കെയും അധികം ഫലം കായ്ക്കേണ്ടതിന്നു ചെത്തി വെടിപ്പാക്കുന്നു.
3 ഞാൻ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു.
4 എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിന്നു മുന്തിരവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല.
5 ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‍വാൻ കഴികയില്ല.
6 എന്നിൽ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ടു അവൻ ഉണങ്ങിപ്പോകുന്നു; ആ വക ചേർത്തു തീയിൽ ഇടുന്നു;
7 അതു വെന്തുപോകും. നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ; അതു നിങ്ങൾക്കു കിട്ടും.
8 നിങ്ങൾ വളരെ ഫലം കായക്കുന്നതിനാൽ എന്റെ പിതാവു മഹത്വപ്പെടുന്നു; അങ്ങനെ നിങ്ങൾ എന്റെ ശിഷ്യന്മാർ ആകും.
9 പിതാവു എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു; എന്റെ സ്നേഹത്തിൽ വസിപ്പിൻ.
10 ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.
11 എന്റെ സന്തോഷം നിങ്ങളിൽ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂർണ്ണമാകുവാനും ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.
12 ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നാകുന്നു എന്റെ കല്പന.
13 സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല.
14 ഞാൻ നിങ്ങളോടു കല്പിക്കുന്നതു ചെയ്താൽ നിങ്ങൾ എന്റെ സ്നേഹിതന്മാർ തന്നേ
15 യജമാനൻ ചെയ്യുന്നതു ദാസൻ അറിയായ്കകൊണ്ടു ഞാൻ നിങ്ങളെ ദാസന്മാർ എന്നു ഇനി പറയുന്നില്ല; ഞാൻ എന്റെ പിതാവിനോടു കേട്ടതു എല്ലാം നിങ്ങളോടു അറിയിച്ചതു കൊണ്ടു നിങ്ങളെ സ്നേഹിതന്മാർ എന്നു പറഞ്ഞിരിക്കുന്നു.
16 നിങ്ങൾ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു, നിങ്ങൾ പോയി ഫലം കായ്ക്കേണ്ടതിന്നു നിങ്ങളുടെ ഫലം നിലനിൽക്കേണ്ടതിന്നും നിങ്ങളേ ആക്കിവെച്ചുമിരിക്കുന്നു; നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ നിങ്ങൾക്കു തരുവാനായിട്ടു തന്നേ.
17 നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണ്ടതിന്നു ഞാൻ ഇതു നിങ്ങളോടു കല്പിക്കുന്നു.
18 ലോകം നിങ്ങളെ പകെക്കുന്നു എങ്കിൽ അതു നിങ്ങൾക്കു മുമ്പെ എന്നെ പകെച്ചിരിക്കുന്നു എന്നു അറിവിൻ.
19 നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽ നിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു.
20 ദാസൻ യജമാനനെക്കാൾ വലിയവനല്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞ വാക്കു ഓർപ്പിൻ. അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും; എന്റെ വചനം പ്രമാണിച്ചു എങ്കിൽ നിങ്ങളുടേതും പ്രമാണിക്കും.
21 എങ്കിലും എന്നെ അയച്ചവനെ അവർ അറിയായ്കകൊണ്ടു എന്റെ നാമം നിമിത്തം ഇതു ഒക്കെയും നിങ്ങളോടു ചെയ്യും.
22 ഞാൻ വന്നു അവരോടു സംസാരിക്കാതിരുന്നെങ്കിൽ അവർക്കു പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവരുടെ പാപത്തിന്നു ഒഴികഴിവില്ല.
23 എന്നെ പകെക്കുന്നവൻ എന്റെ പിതാവിനെയും പകെക്കുന്നു.
24 മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവൃത്തികളെ ഞാൻ അവരുടെ ഇടയിൽ ചെയ്തിരുന്നില്ല എങ്കിൽ അവർക്കു പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവർ എന്നെയും എന്റെ പിതാവിനെയും കാൺകയും പകെക്കുകയും ചെയ്തിരിക്കുന്നു.
25 “അവർ വെറുതെ എന്നെ പകെച്ചു” എന്നു അവരുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകേണ്ടതിന്നു തന്നേ.
26 ഞാൻ പിതാവിന്റെ അടുക്കൽനിന്നു നിങ്ങൾക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യം പറയും.
27 നിങ്ങളും ആദിമുതൽ എന്നോടുകൂടെ ഇരിക്കകൊണ്ടു സാക്ഷ്യം പറവിൻ.