യിരേമ്യാവു
അദ്ധ്യായം 20
1 എന്നാൽ യിരെമ്യാവു ഈ കാര്യങ്ങളെ പ്രവചിക്കുന്നതു ഇമ്മേരിന്റെ മകനും യഹോവയുടെ ആലയത്തിന്നു പ്രധാനവിചാരകനുമായ
2 പശ്ഹൂർപുരോഹിതൻ കേട്ടിട്ടു യിരെമ്യാപ്രവാചകനെ അടിച്ചു, യഹോവയുടെ ആലയത്തിന്നരികെയുള്ള മേലത്തെ ബെന്യാമീൻ ഗോപുരത്തിങ്കലെ ആമത്തിൽ ഇട്ടു.
3 പിറ്റെന്നാൾ പശ്ഹൂർ യിരെമ്യാവെ ആമത്തിൽനിന്നു വിട്ടപ്പോൾ യിരെമ്യാവു അവനോടു പറഞ്ഞതു: യഹോവ നിനക്കു പശ്ഹൂർ എന്നല്ല, മാഗോർമിസ്സാബീബ് (സർവ്വത്രഭീതി) എന്നത്രേ പേർ വിളിച്ചിരിക്കുന്നതു.
4 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ നിനക്കു തന്നെയും നിന്റെ സകലസ്നേഹിതന്മാർക്കും ഭീതിയാക്കിത്തീർക്കും; അവർ ശത്രുക്കളുടെ വാൾകൊണ്ടു വീഴും; നിന്റെ കണ്ണു അതു കാണും; എല്ലായെഹൂദയെയും ഞാൻ ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കും; അവൻ അവരെ പിടിച്ചു ബാബേലിലേക്കു കൊണ്ടുപോയി വാൾകൊണ്ടു കൊന്നുകളയും.
5 ഈ നഗരത്തിലെ സകലനിക്ഷേപങ്ങളും അതിലെ സകലസമ്പാദ്യങ്ങളും സകലവിശിഷ്ടവസ്തുക്കളും യെഹൂദാ രാജാക്കന്മാരുടെ സകലഭണ്ഡാരങ്ങളും ഞാൻ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കും; അവർ അവയെ കൊള്ളയിട്ടു ബാബേലിലേക്കു കൊണ്ടു പോകും.
6 എന്നാൽ പശ്ഹൂരേ, നീയും നിന്റെ വീട്ടിൽ പാർക്കുന്ന എല്ലാവരും പ്രവാസത്തിലേക്കു പോകേണ്ടിവരും; നീയും നിന്റെ വ്യാജപ്രവചനം കേട്ട നിന്റെ സകല സ്നേഹിതന്മാരും ബാബേലിലേക്കു ചെന്നു അവിടെവെച്ചു മരിക്കയും അവിടെ അടക്കപ്പെടുകയും ചെയ്യും.
7 യഹോവേ, നീ എന്നെ സമ്മതിപ്പിക്കയും ഞാൻ സമ്മതിച്ചുപോകയും ചെയ്തു നീ ബലം പ്രയോഗിച്ചു ജയിച്ചിരിക്കുന്നു; ഞാൻ ഇടവിടാതെ പരിഹാസവിഷയമായിരിക്കുന്നു; എല്ലാവരും എന്നെ പരിഹസിക്കുന്നു.
8 സംസാരിക്കുമ്പോഴൊക്കെയും ഞാൻ നിലവിളിച്ചു സാഹസത്തെയും ബലാൽക്കാരത്തെയും കുറിച്ചു ആവലാധി പറയേണ്ടിവരുന്നു; അങ്ങനെ യഹോവയുടെ വചനം എനിക്കു ഇടവിടാതെ നിന്ദെക്കും പരിഹാസത്തിന്നും ഹേതുവായിരിക്കുന്നു.
9 ഞാൻ ഇനി അവനെ ഓർക്കുകയില്ല, അവന്റെ നാമത്തിൽ സംസാരിക്കയുമില്ല എന്നു പറഞ്ഞാലോ അതു എന്റെ അസ്ഥികളിൽ അടെക്കപ്പെട്ടിട്ടു എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; ഞാൻ സഹിച്ചു തളർന്നു എനിക്കു വഹിയാതെയായി.
10 സർവ്വത്രഭീതി; ഞാൻ പലരുടെയും ഏഷണി കേട്ടിരിക്കുന്നു; കുറ്റം ബോധിപ്പിപ്പിൻ; ഞങ്ങളും അവനെക്കുറിച്ചു കുറ്റം ബോധിപ്പിക്കാം; നാം അവനെ തോല്പിച്ചു അവനോടു പക വീട്ടുവാൻ തക്കവണ്ണം പക്ഷെ അവനെ വശത്താക്കാം എന്നു എന്റെ വീഴ്ചെക്കു കാത്തിരിക്കുന്നവരായ എന്റെ ചങ്ങാതിമാരൊക്കെയും പറയുന്നു.
11 എന്നാൽ യഹോവ ഒരു മഹാവീരനെപ്പോലെ എന്നോടുകൂടെ ഉണ്ടു; ആകയാൽ എന്നെ ഉപദ്രവിക്കുന്നവർ ഇടറിവീഴും; അവർ ജയിക്കയില്ല; അവർ ബുദ്ധിയോടെ പ്രവർത്തിക്കായ്കയാൽ ഏറ്റവും ലജ്ജിച്ചുപോകും; ഒരിക്കലും മറന്നുപോകാത്ത നിത്യലജ്ജയോടെ തന്നേ.
12 നീതിമാനെ ശോധനചെയ്തു, അന്തരംഗങ്ങളെയും ഹൃദയത്തെയും കാണുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ അവരോടു ചെയ്യുന്ന പ്രതികാരം ഞാൻ കാണുമാറാകട്ടെ; എന്റെ വ്യവഹാരം ഞാൻ നിന്നോടു ബോധിപ്പിച്ചിരിക്കുന്നുവല്ലോ.
13 യഹോവെക്കു പാട്ടുപാടുവിൻ! യഹോവയെ സ്തുതിപ്പിൻ! അവൻ ദരിദ്രന്റെ പ്രാണനെ ദുഷ്ടന്മാരുടെ കയ്യിൽനിന്നു വിടുവിച്ചിരിക്കുന്നു.
14 ഞാൻ ജനിച്ച ദിവസം ശപിക്കപ്പെട്ടിരിക്കട്ടെ; എന്റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ.
15 നിനക്കു ഒരു മകൻ ജനിച്ചിരിക്കുന്നു എന്നു എന്റെ അപ്പനോടു അറിയിച്ചു അവനെ ഏറ്റവും സന്തോഷിപ്പിച്ച മനുഷ്യൻ ശപിക്കപ്പെട്ടവൻ.
16 എന്റെ അമ്മ എന്റെ ശവക്കുഴിയും അവളുടെ ഗർഭപാത്രം എല്ലായ്പോഴും നിറഞ്ഞതും ആയിരിക്കേണ്ടതിന്നു ആ മനുഷ്യൻ എന്നെ ഉദരത്തിൽവെച്ചു കൊന്നുകളയായ്കകൊണ്ടു അവൻ,
17 യഹോവ അനുതപിക്കാതെ ഉന്മൂലനാശം വരുത്തിയ പട്ടണങ്ങളെപ്പോലെ ആയിത്തീരട്ടെ; രാവിലെ അവൻ നിലവിളിയും ഉച്ചസമയത്തും പോർവ്വിളിയും കേൾക്കുമാറാകട്ടെ.
18 കഷ്ടവും സങ്കടവും അനുഭവിച്ചു ജീവകാലം ലജ്ജയിൽ കഴിച്ചുകൂട്ടേണ്ടതിന്നു ഞാൻ ഉദരത്തൽനിന്നു പുറത്തുവന്നതു എന്തിനു?