സങ്കീർത്തനങ്ങൾ
അദ്ധ്യായം 106
1 യഹോവയെ സ്തുതിപ്പിൻ; യഹോവെക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതു.
2 യഹോവയുടെ വീര്യപ്രവൃത്തികളെ ആർ വർണ്ണിക്കും? അവന്റെ സ്തുതിയെ ഒക്കെയും ആർ വിവരിക്കും?
3 ന്യായത്തെ പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവർത്തിക്കുന്നവനും ഭാഗ്യവാന്മാർ.
4 യഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാൻ കാണേണ്ടതിന്നും നിന്റെ ജനത്തിന്റെ സന്തോഷത്തിൽ സന്തോഷിക്കേണ്ടതിന്നും നിന്റെ അവകാശത്തോടുകൂടെ പുകഴേണ്ടതിന്നും
5 നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർത്തു, നിന്റെ രക്ഷകൊണ്ടു എന്നെ സന്ദർശിക്കേണമേ.
6 ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു; ഞങ്ങൾ അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചു.
7 ഞങ്ങളുടെ പിതാക്കന്മാർ മിസ്രയീമിൽവെച്ചു നിന്റെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും നിന്റെ മഹാദയയെ ഓർക്കാതെയും കടൽക്കരയിൽ, ചെങ്കടൽക്കരയിൽവെച്ചു തന്നേ മത്സരിച്ചു.
8 എന്നിട്ടും അവൻ തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന്നു തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു.
9 അവൻ ചെങ്കടലിനെ ശാസിച്ചു, അതു ഉണങ്ങിപ്പോയി; അവൻ അവരെ മരുഭൂമിയിൽകൂടി എന്നപോലെ ആഴിയിൽകൂടി നടത്തി.
10 അവൻ പകയന്റെ കയ്യിൽനിന്നു അവരെ രക്ഷിച്ചു; ശത്രുവിന്റെ കയ്യിൽനിന്നു അവരെ വീണ്ടെടുത്തു.
11 വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല.
12 അവർ അവന്റെ വചനങ്ങളെ വിശ്വസിച്ചു; അവന്നു സ്തുതിപാടുകയും ചെയ്തു.
13 എങ്കിലും അവർ വേഗത്തിൽ അവന്റെ പ്രവൃത്തികളെ മറന്നു; അവന്റെ ആലോചനെക്കു കാത്തിരുന്നതുമില്ല.
14 മരുഭൂമിയിൽവെച്ചു അവർ ഏറ്റവും മോഹിച്ചു; നിർജ്ജനപ്രദേശത്തു അവർ ദൈവത്തെ പരീക്ഷിച്ചു.
15 അവർ അപേക്ഷിച്ചതു അവൻ അവർക്കുകൊടുത്തു; എങ്കിലും അവരുടെ പ്രാണന്നു ക്ഷയം അയച്ചു.
16 പാളയത്തിൽവെച്ചു അവർ മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു.
17 ഭൂമി പിളർന്നു ദാഥാനെ വിഴുങ്ങി; അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു.
18 അവരുടെ കൂട്ടത്തിൽ തീ കത്തി; അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.
19 അവർ ഹോരേബിൽവെച്ചു ഒരു കാളക്കുട്ടിയെ ഉണ്ടാക്കി; വാർത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു.
20 ഇങ്ങനെ അവർ തങ്ങളുടെ മഹത്വമായവനെ പുല്ലു തിന്നുന്ന കാളയോടു സദ്രശനാക്കി തീർത്തു.
21 മിസ്രയീമിൽ വലിയ കാര്യങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതപ്രവൃത്തികളും
22 ചെങ്കടലിങ്കൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നുകളഞ്ഞു.
23 ആകയാൽ അവരെ നശിപ്പിക്കുമെന്നു അവൻ അരുളിച്ചെയ്തു; അവന്റെ വൃതനായ മോശെ കോപത്തെ ശമിപ്പിപ്പാൻ അവന്റെ സന്നിധിയിൽ പിളർപ്പിൽ നിന്നില്ലെങ്കിൽ അവൻ അവരെ നശിപ്പിച്ചുകളയുമായിരുന്നു.
24 അവർ മനോഹരദേശത്തെ നിരസിച്ചു; അവന്റെ വചനത്തെ വിശ്വസിച്ചതുമില്ല.
25 അവർ തങ്ങളുടെ കൂടാരങ്ങളിൽവെച്ചു പിറുപിറുത്തു; യഹോവയുടെ വചനം കേൾക്കാതെയിരുന്നു.
26 അതുകൊണ്ടു അവൻ: മരുഭൂമിയിൽ അവരെ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജാതികളുടെ ഇടയിൽ നശിപ്പിക്കുമെന്നും
27 അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും അവർക്കു വിരോധമായി തന്റെ കൈ ഉയർത്തി സത്യംചെയ്തു.
28 അനന്തരം അവർ ബാൽപെയോരിനോടു ചേർന്നു; പ്രേതങ്ങൾക്കുള്ള ബലികളെ തിന്നു.
29 ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ അവനെ കോപിപ്പിച്ചു; പെട്ടെന്നു ഒരു ബാധ അവർക്കു തട്ടി.
30 അപ്പോൾ ഫീനെഹാസ് എഴുന്നേറ്റു ശിക്ഷ നടത്തി; ബാധ നിർത്തലാകയും ചെയ്തു.
31 അതു എന്നേക്കും തലമുറതലമുറയായി അവന്നു നീതിയായിഎണ്ണിയിരിക്കുന്നു.
32 മെരീബാവെള്ളത്തിങ്കലും അവർ അവനെ കോപിപ്പിച്ചു; അവരുടെനിമിത്തം മോശെക്കും ദോഷം ഭവിച്ചു.
33 അവർ അവന്റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ടു അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി.
34 യഹോവ തങ്ങളോടു നശിപ്പിപ്പാൻ കല്പിച്ചതുപോലെ അവർ ജാതികളെ നശിപ്പിച്ചില്ല.
35 അവർ ജാതികളോടു ഇടകലർന്നു അവരുടെ പ്രവൃത്തികളെ പഠിച്ചു.
36 അവരുടെ വിഗ്രഹങ്ങളെയും സേവിച്ചു; അവ അവർക്കൊരു കണിയായി തീർന്നു.
37 തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവർ ഭൂതങ്ങൾക്കു ബലികഴിച്ചു.
38 അവർ കുറ്റമില്ലാത്ത രക്തം, പുത്രീപുത്രന്മാരുടെ രക്തം തന്നേ ചൊരിഞ്ഞു; അവരെ അവർ കനാന്യവിഗ്രഹങ്ങൾക്കു ബലികഴിച്ചു, ദേശം രക്തപാതകംകൊണ്ടു അശുദ്ധമായ്തീർന്നു.
39 ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ മലിനപ്പെട്ടു, തങ്ങളുടെ കർമ്മങ്ങളാൽ പരസംഗം ചെയ്തു.
40 അതുകൊണ്ടു യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു; അവൻ തന്റെ അവകാശത്തെ വെറുത്തു.
41 അവൻ അവരെ ജാതികളുടെ കയ്യിൽ ഏല്പിച്ചു; അവരെ പകെച്ചവർ അവരെ ഭരിച്ചു.
42 അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി; അവർ അവർക്കു കീഴടങ്ങേണ്ടിവന്നു.
43 പലപ്പോഴും അവൻ അവരെ വിടുവിച്ചു; എങ്കിലും അവർ തങ്ങളുടെ ആലോചനയാൽ അവനോടു മത്സരിച്ചു; തങ്ങളുടെ അകൃത്യംനിമിത്തം അധോഗതിപ്രാപിച്ചു.
44 എന്നാൽ അവരുടെ നിലവിളി കേട്ടപ്പോൾ അവൻ അവരുടെ കഷ്ടതയെ കടാക്ഷിച്ചു.
45 അവൻ അവർക്കായി തന്റെ നിയമത്തെ ഓർത്തു; തന്റെ മഹാദയപ്രകാരം അനുതപിച്ചു.
46 അവരെ ബദ്ധരാക്കി കൊണ്ടുപോയവർക്കെല്ലാം അവരോടു കനിവു തോന്നുമാറാക്കി.
47 ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; നിന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വാനും നിന്റെ സ്തുതിയിൽ പ്രശംസിപ്പാനും ജാതികളുടെ ഇടയിൽനിന്നു ഞങ്ങളെ ശേഖരിക്കേണമേ.
48 യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ജനമെല്ലാം ആമേൻ എന്നു പറയട്ടെ. യഹോവയെ സ്തുതിപ്പിൻ.