നെഹെമ്യാവു
അദ്ധ്യായം 4
1 ഞങ്ങൾ മതിൽ പണിയുന്നു എന്നു സൻ ബല്ലത്ത് കേട്ടപ്പോൾ അവൻ കോപവും മഹാരോഷവും പൂണ്ടു യെഹൂദന്മാരെ നിന്ദിച്ചു.
2 ഈ ദുർബ്ബലന്മാരായ യെഹൂദന്മാർ എന്തു ചെയ്‍വാൻ പോകുന്നു? അവരെ സമ്മതിക്കുമോ അവർ യാഗം കഴിക്കുമോ? ഒരു ദിവസംകൊണ്ടു പണി തീർത്തുകളയുമോ? വെന്തുകിടക്കുന്ന ചണ്ടിക്കൂമ്പാരങ്ങളിൽ നിന്നു അവർ കല്ലു ജീവിപ്പിക്കുമോ എന്നിങ്ങനെ തന്റെ സഹോദരന്മാരും ശമർയ്യാസൈന്യവും കേൾക്കെ പറഞ്ഞു.
3 അപ്പോൾ അവന്റെ അടുക്കൽ നിന്നിരുന്ന അമ്മോന്യനായ തോബീയാവു: അവർ എങ്ങനെ പണിതാലും ഒരു കുറുക്കൻ കയറിയാൽ അവരുടെ കന്മതിൽ ഉരുണ്ടുവീഴും എന്നു പറഞ്ഞു.
4 ഞങ്ങളുടെ ദൈവമേ, കേൾക്കേണമേ; ഞങ്ങൾ നിന്ദിതന്മാർ ആയിരിക്കുന്നു; അവരുടെ നിന്ദയെ അവരുടെ സ്വന്തതലയിലേക്കു തിരിച്ചു പ്രവാസദേശത്തിൽ അവരെ കവർച്ചെക്കു ഏല്പിക്കേണമേ.
5 പണിയുന്നവർ കേൾക്കെ അവർ നിന്നെ കോപിപ്പിച്ചിരിക്കയാൽ അവരുടെ അകൃത്യം മറെക്കരുതേ; അവരുടെ പാപം നിന്റെ മുമ്പിൽ നിന്നു മാഞ്ഞുപോകയും അരുതേ.
6 അങ്ങനെ ഞങ്ങൾ മതിൽ പണിതു; വേല ചെയ്‍വാൻ ജനത്തിന്നു ഉത്സാഹം ഉണ്ടായിരുന്നതുകൊണ്ടു മതിൽ മഴുവനും പാതിപൊക്കംവരെ തീർത്തു.
7 യെരൂശലേമിന്റെ മതിലുകൾ അറ്റകുറ്റം തീർന്നുവരുന്നു എന്നും ഇടിവുകൾ അടഞ്ഞുതുടങ്ങി എന്നും സൻബല്ലത്തും തോബീയാവും അരാബ്യരും അമ്മോന്യരും അസ്തോദ്യരും കേട്ടപ്പോൾ അവർക്കു മഹാകോപം ജനിച്ചു.
8 യെരൂശലേമിന്റെ നേരെ ചെന്നു യുദ്ധം ചെയ്യേണ്ടതിന്നും അവിടെ കലക്കം വരുത്തേണ്ടതിന്നും അവർ ഒക്കെയും ഒന്നിച്ചുകൂടി കൂട്ടുകെട്ടുണ്ടാക്കി.
9 ഞങ്ങളോ ഞങ്ങളുടെ ദൈവത്തോടു പ്രാർത്ഥിച്ചു; അവരുടെ നിമിത്തം രാവും പകലും കാവൽക്കാരെ ആക്കേണ്ടിവന്നു.
10 എന്നാൽ യെഹൂദ്യർ: ചുമട്ടുകാരുടെ ശക്തി ക്ഷയിച്ചുപോകുന്നു; കല്ലും മണ്ണും ഇനിയും വളരെ കിടക്കുന്നു; ആകയാൽ മതിൽ പണിവാൻ നമുക്കു കഴികയില്ല എന്നു പറഞ്ഞു.
11 ഞങ്ങളുടെ ശത്രുക്കളോ: നാം അവരുടെ ഇടയിൽ ചെന്നു അവരെ കൊന്നു പണി മുടക്കുന്നതുവരെ അവർ ഒന്നും അറികയും കാണുകയും അരുതു എന്നു പറഞ്ഞു.
12 അവരുടെ സമീപം പാർത്ത യെഹൂദന്മാർ പല സ്ഥലങ്ങളിൽനിന്നും വന്നു; നിങ്ങൾ ഞങ്ങളുടെ അടുക്കൽ വരുവിൻ എന്നു പത്തു പ്രാവശ്യം ഞങ്ങളോടു അപേക്ഷിച്ചു.
13 അതുകൊണ്ടു ഞാൻ മതിലിന്റെ പിമ്പുറത്തു പൊക്കം കുറഞ്ഞ സ്ഥലങ്ങളിലും തുറന്നുകിടക്കുന്ന സ്ഥലങ്ങളിലും ആളുകളെ ആക്കി ജനത്തെ കുടുംബം കുടുംബമായി വാളുകളോടും കുന്തങ്ങളോടും വില്ലുകളോടും കൂടെ നിർത്തി.
14 ഞാൻ നോക്കി എഴുന്നേറ്റുനിന്നു പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷം ജനത്തോടും: നിങ്ങൾ അവരെ പേടിക്കേണ്ടാ; വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർത്തു നിങ്ങളുടെ സഹോദരന്മാർക്കും പുത്രന്മാർക്കും പുത്രിമാർക്കും ഭാര്യമാർക്കും വീടുകൾക്കും വേണ്ടി പൊരുതുവിൻ എന്നു പറഞ്ഞു.
15 ഞങ്ങൾക്കു അറിവു കിട്ടിപ്പോയെന്നും ദൈവം അവരുടെ ആലോചനയെ നിഷ്ഫലമാക്കിയെന്നും ഞങ്ങളുടെ ശത്രുക്കൾ കേട്ടശേഷം ഞങ്ങൾ എല്ലാവരും മതിലിങ്കൽ താന്താന്റെ വേലെക്കു മടങ്ങിച്ചെല്ലുവാനിടയായി.
16 അന്നുമുതല്ക്കു എന്റെ ഭൃത്യന്മാരിൽ പാതിപേർ വേലെക്കു നിന്നു പാതിപേർ കുന്തവും പരിചയും വില്ലും കവചവും ധരിച്ചു നിന്നു; മതിൽ പണിയുന്ന എല്ലാ യെഹൂദന്മാരുടെയും പുറകിൽ പ്രഭുക്കന്മാർ നിന്നു;
17 ചുമടെടുക്കുന്ന ചുമട്ടുകാർ ഒരു കൈകൊണ്ടു വേല ചെയ്കയും മറ്റെ കൈകൊണ്ടു ആയുധം പിടിക്കയും ചെയ്തു.
18 പണിയുന്നവർ അരെക്കു വാൾ കെട്ടിയുംകൊണ്ടു പണിതു. എന്നാൽ കാഹളം ഊതുന്നവൻ എന്റെ അടുക്കൽ തന്നേ ആയിരുന്നു.
19 ഞാൻ പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷംജനത്തോടും: വേല വലിയതും വിശാലമായതും ആകുന്നു; നാം മതിലിന്മേൽ ചിതറി തമ്മിൽ തമ്മിൽ അകന്നിരിക്കുന്നു.
20 നിങ്ങൾ കാഹളനാദം കേൾക്കുന്നേടത്തു ഞങ്ങളുടെ അടുക്കൽ കൂടിക്കൊൾവിൻ; നമ്മുടെ ദൈവം നമുക്കു വേണ്ടി യുദ്ധം ചെയ്യും എന്നു പറഞ്ഞു.
21 അങ്ങനെ ഞങ്ങൾ പണി നടത്തി; പാതിപേർ നേരം വെളുക്കുമ്പോൾതുടങ്ങി നക്ഷത്രം പ്രകാശിക്കുന്നതുവരെ കുന്തം പിടിച്ചുനിന്നു.
22 ആ കാലത്തു ഞാൻ ജനത്തോടു: രാത്രിയിൽ നമുക്കു കാവലിന്നും പകൽ വേല ചെയ്യുന്നതിന്നും ഉതകത്തക്കവണ്ണം ഓരോരുത്തൻ താന്താന്റെ വേലക്കാരനുമായി യെരൂശലേമിന്നകത്തു പാർക്കേണം എന്നു പറഞ്ഞു.
23 ഞാനോ എന്റെ സഹോദരന്മാരോ എന്റെ ബാല്യക്കാരോ എന്റെ കീഴിലുള്ള കാവൽക്കാരോ ആരും ഉടുപ്പു മാറിയില്ല; കുളിക്കുന്ന സമയത്തുകൂടെയും ആയുധം ധരിച്ചിരുന്നു.