ശമൂവേൽ [del]2
അദ്ധ്യായം 22
1 യഹോവ ദാവീദിനെ സകലശത്രുക്കളുടെ കയ്യിൽനിന്നും ശൌലിന്റെ കയ്യിൽ നിന്നും വിടുവിച്ചശേഷം അവൻ യഹോവെക്കു ഒരു സംഗീതംപാടി ചൊല്ലിയതെന്തെന്നാൽ:
2 യഹോവ എന്റെ ശൈലവും എൻ കോട്ടയും എന്റെ രക്ഷകനും ആകുന്നു.
3 എന്റെ പാറയായ ദൈവം; അവനിൽ ഞാൻ ആശ്രയിക്കും; എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും എന്റെ സങ്കേതവും തന്നേ. എന്റെ രക്ഷിതാവേ, നീ എന്നെ സാഹസത്തിൽനിന്നു രക്ഷിക്കുന്നു.
4 സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളിൽനിന്നു താൻ എന്നെ രക്ഷിക്കും.
5 മരണത്തിന്റെ തിരമാല എന്നെ വളഞ്ഞു; ദുഷ്ടതയുടെ പ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു;
6 പാതാളപാശങ്ങൾ എന്നെ ചുഴന്നു; മരണത്തിന്റെ കണികൾ എന്റെമേൽ വീണു.
7 എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചു, എന്റെ ദൈവത്തോടു തന്നേ നിലവിളിച്ചു; അവൻ തന്റെ മന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടു; എന്റെ നിലവിളി അവന്റെ ചെവികളിൽ എത്തി.
8 ഭൂമി ഞെട്ടി വിറെച്ചു, ആകാശത്തിന്റെ അടിസ്ഥാനങ്ങൾ ഇളകി, അവൻ കോപിക്കയാൽ അവ കുലുങ്ങിപ്പോയി.
9 അവന്റെ മൂക്കിൽനിന്നു പുക പൊങ്ങി, അവന്റെ വായിൽനിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു, തീക്കനൽ അവങ്കൽനിന്നു ജ്വലിച്ചു.
10 അവൻ ആകാശം ചായിച്ചിറങ്ങി; കൂരിരുൾ അവന്റെ കാൽക്കീഴുണ്ടായിരുന്നു.
11 അവൻ കെരൂബിനെ വാഹനമാക്കി പറന്നു, കാറ്റിൻ ചിറകിന്മേൽ പ്രത്യക്ഷനായി.
12 അവൻ അന്ധകാരം തനിക്കു ചുറ്റും മണ്ഡപമാക്കി; ജലാശയവും കനത്ത മേഘങ്ങളും കൂടെ.
13 അവന്റെ മുമ്പിലുള്ള പ്രകാശത്താൽ തീക്കനൽ ജ്വലിച്ചു.
14 യഹോവ ആകാശത്തിൽ ഇടിമുഴക്കി, അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു.
15 അവൻ അസ്ത്രം എയ്തു അവരെ ചിതറിച്ചു, മിന്നൽ അയച്ചു അവരെ തോല്പിച്ചു.
16 യഹോവയുടെ ഭത്സനത്താൽ, തിരുമൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാൽ കടലിന്റെ ചാലുകൾ കാണായ്‍വന്നു ഭൂതലത്തിന്റെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.
17 അവൻ ഉയരത്തിൽനിന്നു കൈനീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്നു എന്നെ വലിച്ചെടുത്തു.
18 ബലമുള്ള ശത്രുവിന്റെ കയ്യിൽനിന്നും എന്നെ പകെച്ചവരുടെ പക്കൽനിന്നും എന്നെ വിടുവിച്ചു; അവർ എന്നിലും ബലമേറിയവർ ആയിരുന്നു.
19 എന്റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്കു തുണയായിരുന്നു.
20 അവൻ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു, എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ടു എന്നെ വിടുവിച്ചു.
21 യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി, എന്റെ കൈകളുടെ വെടിപ്പിന്നൊത്തവണ്ണം എനിക്കു പകരം തന്നു.
22 ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു, എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.
23 അവന്റെ വിധികൾ ഒക്കെയും എന്റെ മുമ്പിലുണ്ടു; അവന്റെ ചട്ടങ്ങൾ ഞാൻ വിട്ടുനടന്നിട്ടുമില്ല.
24 ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു, അകൃത്യം ചെയ്യാതെ എന്നെ തന്നേ കാത്തു.
25 യഹോവ എന്റെ നീതിക്കു തക്കവണ്ണവും അവന്റെ കാഴ്ചയിൽ എന്റെ നിർമ്മലതെക്കൊത്തവണ്ണവും എനിക്കു പകരം നല്കി.
26 ദയാലുവോടു നീ ദയാലുവാകുന്നു; നിഷ്കളങ്കനോടു നീ നിഷ്കളങ്കൻ.
27 നിർമ്മലനോടു നീ നിർമ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു.
28 എളിയ ജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ താഴ്ത്തേണ്ടതിന്നു നീ ദൃഷ്ടിവെക്കുന്നു.
29 യഹോവേ, നീ എന്റെ ദീപം ആകുന്നു; യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
30 നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.
31 ദൈവത്തിന്റെ വഴി തികവുള്ളതു, യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിച ആകുന്നു.
32 യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു?
33 ദൈവം എന്റെ ഉറപ്പുള്ള കോട്ട, നിഷ്കളങ്കനെ അവൻ വഴി നടത്തുന്നു.
34 അവൻ എന്റെ കാലുകളെ മാൻ പേടക്കാല്ക്കു തുല്യമാക്കി എന്റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു.
35 അവൻ എന്റെ കൈകൾക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്റെ ഭുജങ്ങൾ താമ്രചാപം കുലെക്കുന്നു.
36 നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ സൌമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.
37 ഞാൻ കാലടി വെക്കേണ്ടതിന്നു നീ വിശാലത വരുത്തി; എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല.
38 ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്നൊടുക്കി അവരെ മുടിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല.
39 അവർക്കു എഴുന്നേറ്റുകൂടാതവണ്ണം ഞാൻ അവരെ തകർത്തൊടുക്കി; അവർ എന്റെ കാൽക്കീഴിൽ വീണിരിക്കുന്നു.
40 യുദ്ധത്തിന്നായി നീ എന്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോടു എതിർത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.
41 എന്നെ പകെക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന്നു നീ എന്റെ ശത്രുക്കളെ എനിക്കു പുറം കാട്ടുമാറാക്കി.
42 അവർ ചുറ്റും നോക്കിയെങ്കിലും രക്ഷിപ്പാൻ ആരും ഉണ്ടായിരുന്നില്ല; യഹോവയിങ്കലേക്കു നോക്കി, അവൻ ഉത്തരം അരുളിയതുമില്ല.
43 ഞാൻ അവരെ നിലത്തിലെ പൊടിപോലെ പൊടിച്ചു, വീഥികളിലെ ചെളിയെപ്പോലെ ഞാൻ അവരെ ചവിട്ടി ചിതറിച്ചു.
44 എന്റെ ജനത്തിന്റെ കലഹങ്ങളിൽനിന്നും നീ എന്നെ വിടുവിച്ചു, ജാതികൾക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു.
45 അന്യജാതിക്കാർ എന്നോടു അനസരണഭാവം കാണിക്കും; അവർ കേട്ട മാത്രെക്കു എന്നെ അനുസരിക്കും.
46 അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുർഗ്ഗങ്ങളിൽനിന്നു അവർ വിറെച്ചു കൊണ്ടുവരുന്നു.
47 യഹോവ ജീവിക്കുന്നു; എൻ പാറ വാഴ്ത്തപ്പെട്ടവൻ. എൻ രക്ഷയുടെ പാറയായ ദൈവം ഉന്നതൻ തന്നേ.
48 ദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.
49 അവൻ ശത്രുവശത്തുനിന്നു എന്നെ വിടുവിക്കുന്നു; എന്നോടു എതിർക്കുന്നവർക്കു മീതെ നീ എന്നെ ഉയർത്തുന്നു; സാഹസക്കാരന്റെ കയ്യിൽനിന്നു നീ എന്നെ വിടുവിക്കുന്നു.
50 അതുകൊണ്ടു, യഹോവേ, ഞാൻ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും, നിന്റെ നാമത്തെ ഞാൻ കീർത്തിക്കും.
51 അവൻ തന്റെ രാജാവിന്നു മഹാരക്ഷ നല്കുന്നു; തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നേ.