രൂത്ത്
അദ്ധ്യായം 3
1 അനന്തരം അവളുടെ അമ്മാവിയമ്മയായ നൊവൊമി അവളോടു പറഞ്ഞതു: മകളേ, നിനക്കു നന്നായിരിക്കേണ്ടതിന്നു ഞാൻ നിനക്കു വേണ്ടി ഒരു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടയോ?
2 നീ ചേർന്നിരുന്ന ബാല്യക്കാരത്തികളുടെ യജമാനനായ ബോവസ് നമ്മുടെ ചാർച്ചക്കാരനല്ലയോ? അവൻ ഇന്നു രാത്രി കളത്തിൽ യവം തൂറ്റുന്നു.
3 ആകയാൽ നീ കുളിച്ചു തൈലം പൂശി വസ്ത്രം ധരിച്ചു കളത്തിൽ ചെല്ലുക; ആയാൾ തിന്നു കുടിച്ചു കഴിയുംവരെ നിന്നെ കാണരുതു.
4 ഉറങ്ങുവാൻ പോകുമ്പോൾ അവൻ കിടക്കുന്ന സ്ഥലം മനസ്സിലാക്കി ചെന്നു അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നു കൊൾക; എന്നാൽ നീ എന്തു ചെയ്യേണമെന്നു അവൻ നിനക്കു പറഞ്ഞുതരും.
5 അതിന്നു അവൾ: നീ പറയുന്നതൊക്കെയും ഞാൻ ചെയ്യാം എന്നു അവളോടു പറഞ്ഞു.
6 അങ്ങനെ അവൾ കളത്തിൽ ചെന്നു അമ്മാവിയമ്മ കല്പിച്ചതുപോലെ ഒക്കെയും ചെയ്തു.
7 ബോവസ് തിന്നു കുടിച്ചു ഹൃദയം തെളിഞ്ഞശേഷം യവക്കൂമ്പാരത്തിന്റെ ഒരു വശത്തു ചെന്നു കിടന്നു; അവളും പതുക്കെ ചെന്നു അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നു.
8 അർദ്ധരാത്രിയിൽ അവൻ ഞെട്ടിത്തിരിഞ്ഞു, തന്റെ കാൽക്കൽ ഒരു സ്ത്രീ കിടക്കുന്നതു കണ്ടു. നീ ആർ എന്നു അവൻ ചോദിച്ചു.
9 ഞാൻ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പു അടിയന്റെ മേൽ ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ എന്നു അവൾ പറഞ്ഞു.
10 അതിന്നു അവൻ പറഞ്ഞതു: മകളേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൾ; ദരിദ്രന്മാരോ ധനവാന്മാരോ ആയ ബാല്യക്കാരെ നീ പിന്തുടരാതിരിക്കയാൽ ആദ്യത്തേതിൽ അധികം ദയ ഒടുവിൽ കാണിച്ചിരിക്കുന്നു.
11 ആകയാൽ മകളേ ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരാം; നീ ഉത്തമ സ്ത്രീ എന്നു എന്റെ ജനമായ പട്ടണക്കാർക്കും എല്ലാവർക്കും അറിയാം.
12 ഞാൻ നിന്റെ വീണ്ടെടുപ്പുകാരൻ എന്നതു സത്യം തന്നേ; എങ്കിലും എന്നെക്കാൾ അടുത്ത ഒരു വീണ്ടെടുപ്പുകാരൻ ഉണ്ടു.
13 ഈ രാത്രി താമസിക്ക; നാളെ അവൻ നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിവർത്തിച്ചാൽ കൊള്ളാം; അവൻ നിവർത്തിക്കട്ടെ; വീണ്ടെടുപ്പുകാരന്റെ മുറ നിവർത്തിപ്പാൻ അവന്നു മനസ്സില്ലെങ്കിലോ യഹോവയാണ ഞാൻ നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിർവർത്തിച്ചുതരും; രാവിലെവരെ കിടന്നുകൊൾക.
14 അങ്ങനെ അവൾ രാവിലെവരെ അവന്റെ കാൽക്കൽ കിടന്നു; ഒരു സ്ത്രീ കളത്തിൽ വന്നതു ആരും അറിയരുതെന്നു അവൻ പറഞ്ഞിരുന്നതുകൊണ്ടു ആളറിയാറാകുംമുമ്പെ അവൾ എഴുന്നേറ്റു.
15 നീ ധരിച്ചിരിക്കുന്ന പുതപ്പു കൊണ്ടുവന്നു പിടിക്ക എന്നു അവൻ പറഞ്ഞു. അവൾ അതു പിടിച്ചപ്പോൾ അവൻ ആറിടങ്ങഴി യവം അതിൽ അളന്നുകൊടുത്തു; അവൾ പട്ടണത്തിലേക്കു പോയി.
16 അവൾ അമ്മാവിയമ്മയുടെ അടുക്കൽ വന്നപ്പോൾ: നിന്റെ കാര്യം എന്തായി മകളേ എന്നു അവൾ ചോദിച്ചു; ആയാൾ തനിക്കു ചെയ്തതൊക്കെയും അവൾ അറിയിച്ചു.
17 അമ്മാവിയമ്മയുടെ അടുക്കൽ വെറുങ്കയ്യായി പോകരുതു എന്നു അവൻ എന്നോടു പറഞ്ഞു ഈ ആറിടങ്ങഴി യവവും എനിക്കു തന്നു എന്നു അവൾ പറഞ്ഞു.
18 അതിന്നു അവൾ: എന്റെ മകളേ, ഈ കാര്യം എന്താകുമെന്നു അറിയുവോളം നീ അനങ്ങാതിരിക്ക; ഇന്നു ഈ കാര്യം തീർക്കുംവരെ ആയാൾ സ്വസ്ഥമായിരിക്കയില്ല എന്നു പറഞ്ഞു.