ന്യായാധിപന്മാർ
അദ്ധ്യായം 16
1 അനന്തരം ശിംശോൻ ഗസ്സയിൽ ചെന്നു അവിടെ ഒരു വേശ്യയെ കണ്ടു അവളുടെ അടുക്കൽ ചെന്നു.
2 ശിംശോൻ ഇവിടെ വന്നിരിക്കുന്നു എന്നു ഗസ്യർക്കു അറിവുകിട്ടി; അവർ വന്നു വളഞ്ഞു അവനെ പിടിപ്പാൻ രാത്രിമുഴുവനും പട്ടണവാതിൽക്കൽ പതിയിരുന്നു; നേരം വെളുക്കുമ്പോൾ അവനെ കൊന്നുകളയാം എന്നു പറഞ്ഞു രാത്രിമുഴുവനും അനങ്ങാതിരുന്നു.
3 ശിംശോൻ അർദ്ധരാത്രിവരെ കിടന്നുറങ്ങി അർദ്ധരാത്രിയിൽ എഴുന്നേറ്റു പട്ടണവാതിലിന്റെ കതകും കട്ടളക്കാൽ രണ്ടും ഓടാമ്പലോടുകൂടെ പറിച്ചെടുത്തു ചുമലിൽവെച്ചു പുറപ്പെട്ടു ഹെബ്രോന്നെതിരെയുള്ള മലമുകളിൽ കൊണ്ടുപോയി.
4 അതിന്റെശേഷം അവൻ സോരേൿ താഴ്വരയിൽ ദെലീലാ എന്നു പേരുള്ള ഒരു സ്ത്രീയെ സ്നേഹിച്ചു.
5 ഫെലിസ്ത പ്രഭുക്കന്മാർ അവളുടെ അടുക്കൽ വന്നു അവളോടു: നീ അവനെ വശീകരിച്ചു അവന്റെ മഹാശക്തി ഏതിൽ എന്നും ഞങ്ങൾ അവനെ പിടിച്ചു കെട്ടി ഒതുക്കേണ്ടതിന്നു എങ്ങനെ സാധിക്കും എന്നും അറിഞ്ഞുകൊൾക; ഞങ്ങൾ ഓരോരുത്തൻ ആയിരത്തൊരുനൂറു വെള്ളിപ്പണം വീതം നിനക്കു തരാം എന്നു പറഞ്ഞു.
6 അങ്ങനെ ദെലീലാ ശിംശോനോടു: നിന്റെ മഹാശക്തി ഏതിൽ ആകുന്നു? ഏതിനാൽ നിന്നെ ബന്ധിച്ചു ഒതുക്കാം? എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു.
7 ശിംശോൻ അവളോടു: ഒരിക്കലും ഉണങ്ങാതെ പച്ചയായ ഏഴു ഞാണുകൊണ്ടു എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ചു ഞാൻ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു.
8 ഫെലിസ്ത്യപ്രഭുക്കന്മാർ ഉണങ്ങാത്ത ഏഴു പച്ച ഞാണു അവളുടെ അടുക്കൽ കൊണ്ടുവന്നു; അവകൊണ്ടു അവൾ അവനെ ബന്ധിച്ചു.
9 അവളുടെ ഉൾമുറിയിൽ പതിയിരിപ്പുകാർ പാർത്തിരുന്നു. അവൾ അവനോടു: ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവൻ തീ തൊട്ട ചണനൂൽപോലെ ഞാണുകളെ പൊട്ടിച്ചുകളഞ്ഞു; അവന്റെ ശക്തിയുടെ രഹസ്യം വെളിപ്പെട്ടതുമില്ല.
10 പിന്നെ ദെലീലാ ശിംശോനോടു: നീ എന്നെ ചതിച്ചു എന്നോടു ഭോഷ്കു പറഞ്ഞു; നിന്നെ ഏതിനാൽ ബന്ധിക്കാം എന്നു ഇപ്പോൾ എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു.
11 അവൻ അവളോടു: ഒരിക്കലും പെരുമാറീട്ടില്ലാത്ത പുതിയ കയർകൊണ്ടു എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ചു ഞാൻ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു.
12 ദെലീലാ പുതിയ കയർ വാങ്ങി അവനെ ബന്ധിച്ചിട്ടു: ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്നു അവനോടു പറഞ്ഞു. പതിയിരിപ്പുകാർ ഉൾമുറിയിൽ ഉണ്ടായിരുന്നു. അവനോ ഒരു നൂൽപോലെ തന്റെ കൈമേൽനിന്നു അതു പൊട്ടിച്ചുകളഞ്ഞു.
13 ദെലീലാ ശിംശോനോടു: ഇതുവരെ നീ എന്നെ ചതിച്ചു എന്നോടു ഭോഷ്കു പറഞ്ഞു; നിന്നെ ഏതിനാൽ ബന്ധിക്കാമെന്നു എനിക്കു പറഞ്ഞു തരേണം എന്നു പറഞ്ഞു. അവൻ അവളോടു: എന്റെ തലയിലെ ഏഴു ജട നൂല്പാവിൽ ചേർത്തു നെയ്താൽ സാധിക്കും എന്നു പറഞ്ഞു.
14 അവൾ അങ്ങനെ ചെയ്തു കുറ്റി അടിച്ചുറപ്പിച്ചുംവെച്ചു അവനോടു: ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്നു പറഞ്ഞു അവൻ ഉറക്കമുണർന്നു നെയ്ത്തുതടിയുടെ കുറ്റിയും പാവും പറിച്ചെടുത്തുകളഞ്ഞു.
15 അപ്പോൾ അവൾ അവനോടു: നിന്റെ ഹൃദയം എന്നോടുകൂടെ ഇല്ലാതിരിക്കെ നീ എന്നെ സ്നേഹിക്കുന്നു എന്നു പറയുന്നതു എങ്ങനെ? ഈ മൂന്നു പ്രാവശ്യം നീ എന്നെ ചതിച്ചു; നിന്റെ മഹാശക്തി ഏതിൽ ആകന്നു എന്നു എനിക്കു പറഞ്ഞുതന്നില്ല എന്നു പറഞ്ഞു.
16 ഇങ്ങനെ അവൾ അവനെ ദിവസംപ്രതി വാക്കുകളാൽ ബുദ്ധിമുട്ടിച്ചു അസഹ്യപ്പെടുത്തി; അവൻ മരിപ്പാന്തക്കവണ്ണം വ്യസനപരവശനായി തീർന്നിട്ടു തന്റെ ഉള്ളം മുഴുവനും അവളെ അറിയിച്ചു.
17 ക്ഷൌരക്കത്തി എന്റെ തലയിൽ തൊട്ടിട്ടില്ല; ഞാൻ അമ്മയുടെ ഗർഭംമുതൽ ദൈവത്തിന്നു വ്രതസ്ഥൻ ആകുന്നു; ക്ഷൌരം ചെയ്താൽ എന്റെ ബലം എന്നെ വിട്ടുപോകും; ഞാൻ ബലഹീനനായി ശേഷം മനുഷ്യരെപ്പോലെ ആകും എന്നു അവളോടു പറഞ്ഞു.
18 തന്റെ ഉള്ളം മുഴുവനും അവൻ അറിയിച്ചു എന്നു കണ്ടപ്പോൾ ദെലീലാ ഫെലിസ്ത്യപ്രഭുക്കന്മാരെ വിളിപ്പാൻ ആളയച്ചു: ഇന്നു വരുവിൻ; അവൻ തന്റെ ഉള്ളം മുഴുവനും എന്നെ അറിയിച്ചിരിക്കുന്നു എന്നു പറയിച്ചു. ഫെലിസ്ത്യപ്രഭുക്കന്മാർ അവളുടെ അടുക്കൽ വന്നു, പണവും കയ്യിൽ കൊണ്ടുവന്നു.
19 അവൾ അവനെ മടിയിൽ ഉറക്കി, ഒരു ആളെ വിളിപ്പിച്ചു തലയിലെ ജട ഏഴും കളയിച്ചു; അവൾ അവനെ ഒതുക്കിത്തുടങ്ങി; അവന്റെ ശക്തി അവനെ വിട്ടുപോയി. പിന്നെ അവൾ: ശിംശോനേ,
20 ഫെലിസ്ത്യർ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവൻ ഉറക്കമുണർന്നു; യഹോവ തന്നെ വിട്ടു എന്നറിയാതെ: ഞാൻ മുമ്പിലത്തെപ്പോലെ കുടഞ്ഞൊഴിഞ്ഞുകളയും എന്നു വിചാരിച്ചു.
21 ഫെലിസ്ത്യരോ അവനെ പിടിച്ചു കണ്ണു കുത്തിപ്പൊട്ടിച്ചു ഗസ്സയിലേക്കു കൊണ്ടുപോയി ചെമ്പുചങ്ങലകൊണ്ടു ബന്ധിച്ചു; അവൻ കാരാഗൃഹത്തിൽ മാവു പൊടിച്ചുകൊണ്ടിരുന്നു.
22 അവന്റെ തലമുടി കളഞ്ഞശേഷം വീണ്ടും വളർന്നുതുടങ്ങി.
23 അനന്തരം ഫെലിസ്ത്യപ്രഭുക്കന്മാർ: നമ്മുടെ വൈരിയായ ശിംശോനെ നമ്മുടെ ദേവൻ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു തങ്ങളുടെ ദേവനായ ദാഗോന്നു ഒരു വലിയ ബലികഴിപ്പാനും ഉത്സവം ഘോഷിപ്പാനും ഒരുമിച്ചുകൂടി.
24 പുരുഷാരം അവനെ കണ്ടപ്പോൾ: നമ്മുടെ ദേശം ശൂന്യമാക്കുകയും നമ്മിൽ അനേകരെ കൊല്ലുകയും ചെയ്ത നമ്മുടെ വൈരിയെ നമ്മുടെ ദേവൻ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു തങ്ങളുടെ ദേവനെ പുകഴ്ത്തി.
25 അവർ ആനന്ദത്തിലായപ്പോൾ: നമ്മുടെ മുമ്പിൽ കളിപ്പാൻ ശിംശോനെ കൊണ്ടുവരുവിൻ എന്നു പറഞ്ഞു ശിംശോനെ കാരാഗൃഹത്തിൽനിന്നു വരുത്തി; അവൻ അവരുടെ മുമ്പിൽ കളിച്ചു; തൂണുകളുടെ ഇടയിലായിരുന്നു അവനെ നിർത്തിയിരുന്നതു.
26 ശിംശോൻ തന്നെ കൈക്കു പിടിച്ച ബാല്യക്കാരനോടു: ക്ഷേത്രം നില്ക്കുന്ന തൂണു ചാരിയിരിക്കേണ്ടതിന്നു ഞാൻ അവയെ തപ്പിനോക്കട്ടെ എന്നു പറഞ്ഞു.
27 എന്നാൽ ക്ഷേത്രത്തിൽ പുരുഷന്മാരും സ്ത്രീകളും നിറഞ്ഞിരുന്നു; സകല ഫെലിസ്ത്യപ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു; ശിംശോൻ കളിക്കുന്നതു കണ്ടുകൊണ്ടിരുന്ന പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം മൂവായിരം പേർ മാളികയിൽ ഉണ്ടായിരുന്നു.
28 അപ്പോൾ ശിംശോൻ യഹോവയോടു പ്രാർത്ഥിച്ചു: കർത്താവായ യഹോവേ, എന്നെ ഓർക്കേണമേ; ദൈവമേ, ഞാൻ എന്റെ രണ്ടുകണ്ണിന്നും വേണ്ടി ഫെലിസ്ത്യരോടു പ്രതികാരം ചെയ്യേണ്ടതിന്നു ഈ ഒരു പ്രാവശ്യം മാത്രം എനിക്കു ശക്തി നല്കേണമേ എന്നു പറഞ്ഞു.
29 ക്ഷേത്രം നില്ക്കുന്ന രണ്ടു നടുത്തുണും ഒന്നു വലങ്കൈകൊണ്ടും മറ്റേതു ഇടങ്കൈകൊണ്ടും ശിംശോൻ പിടിച്ചു അവയോടു ചാരി:
30 ഞാൻ ഫെലിസ്ത്യരോടുകൂടെ മരിക്കട്ടെ എന്നു ശിംശോൻ പറഞ്ഞു ശക്തിയോടെ കുനിഞ്ഞു; ഉടനെ ക്ഷേത്രം അതിലുള്ള പ്രഭുക്കന്മാരുടെയും സകലജനത്തിന്റെയും മേൽ വീണു. അങ്ങനെ അവൻ മരണസമയത്തുകൊന്നവർ ജീവകാലത്തു കൊന്നവരെക്കാൾ അധികമായിരുന്നു.
31 അവന്റെ സഹോദരന്മാരും പിതൃഭവനമൊക്കെയും ചെന്നു അവനെ എടുത്തു സോരെക്കും എസ്തായോലിന്നും മദ്ധ്യേ അവന്റെ അപ്പനായ മാനോഹയുടെ ശ്മശാനസ്ഥലത്തു അടക്കം ചെയ്തു. അവൻ യിസ്രായേലിന്നു ഇരുപതു സംവത്സരം ന്യായപാലനം ചെയ്തിരുന്നു.