യോശുവ

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24

അദ്ധ്യായം 8

1 അനന്തരം യഹോവ യോശുവയോടു അരുളിച്ചെയ്തതു: ഭയപ്പെടരുതു, വിഷാദിക്കയും അരുതു; പടജ്ജനത്തെയൊക്കെയും കൂട്ടിപുറപ്പെട്ടു ഹായിയിലേക്കു ചെല്ലുക; ഞാൻ ഹായിരാജാവിനെയും അവന്റെ ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്റെ കയ്യിൽ തന്നിരിക്കുന്നു.
2 യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ നീ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്യേണം: എന്നാൽ അതിലെ കൊള്ളയെയും കന്നുകാലികളെയും നിങ്ങൾക്കു എടുത്തു കൊള്ളാം. പട്ടണത്തിന്റെ പിൻഭാഗത്തു പതിയിരിപ്പു ആക്കേണം.
3 അങ്ങനെ യോശുവയും പടജ്ജനമൊക്കെയും ഹായിയിലേക്കു പോകുവാൻ പുറപ്പെട്ടു: പരാക്രമശാലികളായ മുപ്പതിനായിരംപേരെ യോശുവ തിരഞ്ഞെടുത്തു രാത്രിയിൽ അയച്ചു,
4 അവരോടു കല്പിച്ചതു എന്തെന്നാൽ: നിങ്ങൾ പട്ടണത്തിന്റെ പിൻഭാഗത്തു പതിയിരിക്കേണം; പട്ടണത്തോടു ഏറെ അകലാതെ എല്ലാവരും ഒരുങ്ങിയിരിപ്പിൻ.
5 ഞാനും എന്നോടുകൂടെയുള്ള സകലജനവും പട്ടണത്തോടു അടുക്കും; അവർ മുമ്പിലത്തെപ്പോലെ ഞങ്ങളുടെ നേരെ പുറപ്പെട്ടുവരുമ്പോൾ ഞങ്ങൾ അവരുടെ മുമ്പിൽനിന്നു ഓടും.
6 അവർ ഞങ്ങളെ പിന്തുടർന്നു പട്ടണം വിട്ടു പുറത്താകും. അവർ മുമ്പെപ്പോലെ നമ്മുടെ മുമ്പിൽനിന്നു ഓടിപ്പോകുന്നു എന്നു അവർ പറയും; അങ്ങനെ ഞങ്ങൾ അവരുടെ മുമ്പിൽനിന്നു ഓടും.
7 ഉടനെ നിങ്ങൾ പതിയിരിപ്പിൽനിന്നു എഴുന്നേറ്റു പട്ടണം പിടിക്കേണം; നിങ്ങളുടെ ദൈവമായ യഹോവ അതു നിങ്ങളുടെ കയ്യിൽ ഏല്പിക്കും.
8 പട്ടണം പിടിച്ചശേഷം നിങ്ങൾ അതിന്നു തീ വെക്കേണം; യഹോവയുടെ കല്പനപ്രകാരം നിങ്ങൾ ചെയ്യേണം; സൂക്ഷിച്ചുകൊൾവിൻ; ഞാൻ നിങ്ങളോടു കല്പിച്ചിരിക്കുന്നു.
9 അങ്ങനെ യോശുവ അവരെ അയച്ചു അവർ പതിയിരിപ്പിന്നു ചെന്നു ബേഥേലിന്നും ഹായിക്കും മദ്ധ്യേ ഹായിക്കു പടിഞ്ഞാറു അമർന്നു, യോശുവയോ ആ രാത്രി ജനത്തിന്റെ ഇടയിൽ താമസിച്ചു.
10 യോശുവ അതികാലത്തു എഴുന്നേറ്റു ജനത്തെ പരിശോധിച്ചു. അവനും യിസ്രായേൽ മൂപ്പന്മാരും ജനത്തിന്നു മുമ്പായി ഹായിക്കു ചെന്നു.
11 അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനമൊക്കെയും പുറപ്പെട്ടു അടുത്തുചെന്നു പട്ടണത്തിന്നു മുമ്പിൽ എത്തി ഹായിക്കു വടക്കു പാളയമിറങ്ങി; അവർക്കും ഹായിക്കും മദ്ധ്യേ ഒരു താഴ്വര ഉണ്ടായിരുന്നു.
12 അവൻ ഏകദേശം അയ്യായിരം പേരെ തിരഞ്ഞെടുത്തു ബേഥേലിന്നും ഹായിക്കും മദ്ധ്യേ പട്ടണത്തിന്നു പടിഞ്ഞാറു പതിയിരുത്തി.
13 അവർ പട്ടണത്തിന്നു വടക്കു പടജ്ജനമായ സൈന്യത്തെ ഒക്കെയും പട്ടണത്തിന്നു പടിഞ്ഞാറു പതിയിരിപ്പുകാരെയും നിറുത്തി; യോശുവ ആ രാത്രി താഴ്വരയുടെ നടുവിലേക്കു പോയി.
14 ഹായിരാജാവു അതു കണ്ടപ്പോൾ അവനും നഗരവാസികളായ അവന്റെ ജനമൊക്കെയും ബദ്ധപ്പെട്ടു എഴുന്നേറ്റു നിശ്ചയിച്ചിരുന്ന സമയത്തു സമഭൂമിക്കു മുമ്പിൽ യിസ്രായേലിന്റെ നേരെ പടെക്കു പുറപ്പെട്ടു. പട്ടണത്തിന്റെ പിൻവശത്തു തനിക്കു വിരോധമായി പതിയിരിപ്പു ഉണ്ടു എന്നു അവൻ അറിഞ്ഞില്ല.
15 യോശുവയും എല്ലായിസ്രായേലും അവരോടു തോറ്റ ഭാവത്തിൽ മരുഭൂമിവഴിയായി ഓടി.
16 അവരെ പിന്തുടരേണ്ടതിന്നു പട്ടണത്തിലെ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി അവർ യോശുവയെ പിന്തുടർന്നു പട്ടണം വിട്ടു പുറത്തായി.
17 ഹായിയിലും ബേഥേലിലും യിസ്രായേലിന്റെ പിന്നാലെ പുറപ്പെടാതെ ഒരുത്തനും ശേഷിച്ചില്ല; അവർ പട്ടണം തുറന്നിട്ടേച്ചു യിസ്രായേലിനെ പിന്തുടർന്നു.
18 അപ്പോൾ യഹോവ യോശുവയോടു: നിന്റെ കയ്യിലുള്ള കുന്തം ഹായിക്കുനേരെ ഏന്തുക; ഞാൻ അതു നിന്റെ കയ്യിൽ ഏല്പിക്കും എന്നു അരുളിച്ചെയ്തു. അങ്ങനെ യോശുവ തന്റെ കയ്യിലുള്ള കുന്തം ഹായിക്കു നേരെ ഏന്തി.
19 അവൻ കൈ നീട്ടിയ ഉടനെ പിതയിരിപ്പുകാർ തങ്ങളുടെ സ്ഥലത്തു നിന്നു എഴുന്നേറ്റു ഓടി പട്ടണത്തിൽ കയറി അതു പിടിച്ചു ക്ഷണത്തിൽ പട്ടണത്തിന്നു തീവെച്ചു.
20 ഹായിപട്ടണക്കാർ പുറകോട്ടു നോക്കിയപ്പോൾ പട്ടണത്തിലെ പുക ആകാശത്തേക്കു പൊങ്ങുന്നതുകണ്ടു; അവർക്കു ഇങ്ങോട്ടോ അങ്ങോട്ടോ ഓടുവാൻ കഴിവില്ലാതെയായി; മരുഭൂമിവഴിയായി ഓടിയ ജനവും തങ്ങളെ പിന്തുടരുന്നവരുടെ നേരെ തിരിഞ്ഞു.
21 പതിയിരിപ്പുകാർ പട്ടണം പിടിച്ചു. പട്ടണത്തിലെ പുക മേലോട്ടു പൊങ്ങുന്നു എന്നു യോശുവയും എല്ലായിസ്രായേലും കണ്ടപ്പോൾ മടങ്ങിവന്നു പട്ടണക്കാരെ വെട്ടി.
22 മറ്റവരും പട്ടണത്തിൽനിന്നു അവരുടെ നേരെ പുറപ്പെട്ടു; ഇങ്ങനെ യിസ്രായേൽ ഇപ്പുറത്തും അപ്പുറത്തും അവർ നടുവിലും ആയി; ഒരുത്തനും ശേഷിക്കയോ വഴുതിപ്പോകയോ ചെയ്യാതവണ്ണം അവരെ വെട്ടിക്കളഞ്ഞു.
23 ഹായിരാജാവിനെ അവർ ജീവനോടെ പിടിച്ചു യോശുവയുടെ അടുക്കൽ കൊണ്ടുവന്നു.
24 യിസ്രായേൽ തങ്ങളെ പിന്തുടർന്ന ഹായിപട്ടണക്കാരെ ഒക്കെയും വെളിൻ പ്രദേശത്തു മരുഭൂമിയിൽവെച്ചു കൊന്നുതീർക്കയും അവർ ഒട്ടൊഴിയാതെ എല്ലാവരും വാളിന്റെ വായ്ത്തലയാൽ വീണൊടുങ്ങുകയും ചെയ്തശേഷം യിസ്രായേല്യർ ഒക്കെയും ഹായിയിലേക്കു മടങ്ങിച്ചെന്നു വാളിന്റെ വായ്ത്തലയാൽ അതിനെ സംഹരിച്ചു.
25 അന്നു പുരുഷന്മാരും സ്ത്രീകളുമായി വീണൊടുങ്ങിയവർ ആകെ പന്തീരായിരം പേർ; ഹായിപട്ടണക്കാർ എല്ലാവരും തന്നേ.
26 ഹായിപട്ടണക്കാരെ ഒക്കെയും നിർമ്മൂലമാക്കുംവരെ കുന്തം ഏന്തിയ കൈ യോശുവ പിൻവലിച്ചില്ല.
27 യഹോവ യോശുവയോടു കല്പിച്ച വചനപ്രകാരം യിസ്രായേല്യർ പട്ടണത്തിലെ കന്നുകാലികളെയും കൊള്ളയെയും തങ്ങൾക്കായിട്ടു തന്നേ എടുത്തു.
28 പിന്നെ യോശുവ ഹായിപട്ടണം ചുട്ടു സദാകാലത്തേക്കും ഒരു മൺക്കുന്നും ശൂന്യഭൂമിയുമാക്കിത്തീർത്തു; അതു ഇന്നുവരെയും അങ്ങിനെ കിടക്കുന്നു.
29 ഹായിരാജാവിനെ അവൻ സന്ധ്യവരെ ഒരു മരത്തിൽ തൂക്കി; സൂര്യൻ അസ്തമിച്ചപ്പോൾ യോശുവയുടെ കല്പനപ്രകാരം ശവം മരത്തിൽനിന്നു ഇറക്കി പട്ടണവാതിൽക്കൽ ഇടുകയും അതിന്മേൽ ഇന്നുവരെ നില്ക്കുന്ന ഒരു വലിയ കൽക്കുന്നു കൂട്ടുകയും ചെയ്തു.
30 അനന്തരം യോശുവ യിസ്രായേലിന്റെ ദൈവമായ യഹോവെക്കു ഏബാൽപർവ്വതത്തിൽ ഒരു യാഗപീഠം പണിതു.
31 യഹോവയുടെ ദാസനായ മോശെ യിസ്രായേൽമക്കളോടു കല്പിച്ചതുപോലെയും മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെയും ചെത്തുകയോ ഇരിമ്പു തൊടുവിക്കയോ ചെയ്യാത്ത കല്ലുകൊണ്ടുള്ള ഒരു യാഗപീഠം തന്നേ. അവർ അതിന്മേൽ യഹോവെക്കു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.
32 മോശെ എഴുതിയിരുന്ന ന്യായപ്രമാണത്തിന്റെ ഒരു പകർപ്പു അവൻ അവിടെ യിസ്രായേൽമക്കൾ കാൺകെ ആ കല്ലുകളിൽ എഴുതി.
33 എല്ലായിസ്രായേലും അവരുടെ മൂപ്പന്മാരും പ്രമാണികളും ന്യായാധിപന്മാരും യഹോവയുടെ നിയമപെട്ടകം ചുമന്ന ലേവ്യരായ പുരോഹിതന്മാരുടെ മുമ്പാകെ സ്വദേശിയും പരദേശിയും ഒരു പോലെ പെട്ടകത്തിന്നു ഇപ്പുറത്തും അപ്പുറത്തും നിന്നു; അവരിൽ പാതിപേർ ഗെരിസീംപർവ്വതത്തിന്റെ വശത്തും പാതിപേർ ഏബാൽപർവ്വതത്തിന്റെ വശത്തും നിന്നു; അവർ യിസ്രായേൽജനത്തെ അനുഗ്രഹിക്കേണമെന്നു യഹോവയുടെ ദാസനായ മോശെ മുമ്പെ കല്പിച്ചിരുന്നതുപോലെ തന്നേ.
34 അതിന്റെ ശേഷം അവർ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയരിക്കുന്നതുപോലെ ഒക്കെയും അനുഗ്രഹവും ശാപവുമായ ന്യായപ്രമാണവചനങ്ങളെല്ലാം വായിച്ചു.
35 മോശെ കല്പിച്ച സകലത്തിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ യിസ്രായേൽസഭ മുഴുവനും അവരോടു കൂടെ വന്നിരുന്ന പരദേശികളും കേൾക്കെ യോശുവ മോശെ കല്പിച്ച സകലത്തിലും യാതൊന്നും വായിക്കാതെ വിട്ടുകളഞ്ഞില്ല.