ആവർത്തനം
അദ്ധ്യായം 34
1 അനന്തരം മോശെ മോവാബ്സമഭൂമിയിൽനിന്നു യെരീഹോവിന്നെതിരെയുള്ള നെബോപർവ്വതത്തിൽ പിസ്ഗാമുകളിൽ കയറി; യഹോവ ദാൻവരെ ഗിലെയാദ്‌ദേശം ഒക്കെയും
2 നഫ്താലിദേശമൊക്കെയും എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശവും പടിഞ്ഞാറെ കടൽവരെ യെഹൂദാദേശം ഒക്കെയും
3 തെക്കെദേശവും ഈന്തനഗരമായ യെരീഹോവിന്റെ താഴ്വീതിമുതൽ സോവാർവരെയുള്ള സമഭൂമിയും അവനെ കാണിച്ചു.
4 അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും: ഞാൻ നിന്റെ സന്തതിക്കു കൊടുക്കുമെന്നു സത്യംചെയ്ത ദേശം ഇതു തന്നേ; ഞാൻ അതു നിന്റെ കണ്ണിന്നു കാണിച്ചു തന്നു; എന്നാൽ നീ അവിടേക്കു കടന്നുപോകയില്ല എന്നു യഹോവ അവനോടു കല്പിച്ചു.
5 അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ്ദേശത്തുവെച്ചു മരിച്ചു.
6 അവൻ അവനെ മോവാബ്ദേശത്തു ബെത്ത്പെയോരിന്നെതിരെയുള്ള താഴ്വരയിൽ അടക്കി; എങ്കിലും ഇന്നുവരെയും അവന്റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല.
7 മോശെ മരിക്കുമ്പോൾ അവന്നു നൂറ്റിരുപതു വയസ്സായിരുന്നു. അവന്റെ കണ്ണു മങ്ങാതെയും അവന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.
8 യിസ്രായേൽമക്കൾ മോശെയെക്കുറിച്ചു മോവാബ്സമഭൂമിയിൽ മുപ്പതുദിവസം കരഞ്ഞുകൊണ്ടിരുന്നു; അങ്ങനെ മോശെയെക്കുറിച്ചു കരഞ്ഞു വിലപിക്കുന്ന കാലം തികഞ്ഞു.
9 നൂന്റെ മകനായ യോശുവയെ മോശെ കൈവെച്ചനുഗ്രഹിച്ചിരുന്നതുകൊണ്ടു അവൻ ജ്ഞാനാത്മപൂർണ്ണനായ്തീർന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ അവനെ അനുസരിച്ചു.
10 എന്നാൽ മിസ്രയീംദേശത്തു ഫറവോനോടും അവന്റെ സകല ഭൃത്യന്മാരോടും അവന്റെ സർവ്വദേശത്തോടും ചെയ്‌വാൻ യഹോവ മോശെയെ നിയോഗിച്ചയച്ച സകല അത്ഭുതങ്ങളും ഭുജവീര്യവും
11 എല്ലായിസ്രായേലും കാൺകെ മോശെ പ്രവർത്തിച്ച ഭയങ്കര കാര്യമൊക്കെയും വിചാരിച്ചാൽ
12 യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല.